യദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് വെളിയില്‍വിട്ടു; കാരവന്‍ മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ ശരിവച്ച് യഥാര്‍ഥ രേഖകള്‍

ദില്ലി: കര്‍ണാടക മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബിഎസ് യദ്യൂരപ്പ കേന്ദ്രനേതാക്കള്‍ക്ക് നല്‍കിയ കോഴക്കണക്കുകള്‍ കൃത്യം. യദ്യൂരപ്പ കുറിച്ചിട്ട ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടതോടെയാണ് കണക്കുകള്‍ കൃത്യമാണെന്ന വിലയിരുത്തലുണ്ടായത്. കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പത്രസമ്മേളനം വിളിച്ച് ഡയറി പുറത്തുവിടുകയായിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിയാകുവാന്‍ യദ്യൂരപ്പ മുടക്കിയ 1800 കോടിയില്‍ 250 കോടി മുടക്കിയത് ജഡ്ജിമാരെ സ്വാധീനിക്കാനാണെന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. എന്നാല്‍ ഏത് കേസ് എങ്ങനെ എന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വക്കീലുമാര്‍ക്കും 50 കോടി നല്‍കിയിട്ടുണ്ട്. രാജ്യാന്തര മാസികയായ കാരവന്‍ പുറത്തുവിട്ട രേഖകളിലാണ് യദ്യൂരപ്പയുടെ ചെയ്തികള്‍ ആദ്യം പുറത്തുവരുന്നത്.

കാരവന്‍ പുറത്തുവിട്ട രേഖകള്‍ ഉയര്‍ത്തിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പത്രസമ്മേളനം നടത്തിയപ്പോഴാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്. യദ്യൂരപ്പയുടെ ഡയറിയിലെ തെളിവുകള്‍ സഹിതമാണ് കാരവന്‍ അന്ന് രേഖകള്‍ പുറത്തുവിട്ടത്. ആദായനികുതി വകുപ്പിന്റെ കൈവശമാണ് യദ്യൂരപ്പയുടെ ഡയറികളുള്ളത് എന്നായിരുന്നു വിവരം. എന്നാല്‍ ഇത്തരമൊന്ന് കൈവശമില്ല എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഇത് ആദായനികുതി വകുപ്പിന്റെ കയ്യിലെത്താത്ത രേഖയാണെന്നാണ് കരുതുന്നത്. ഇതാണ് കബില്‍ സിബല്‍ പുറത്തുവിട്ടത്.

എങ്ങനെയാണ് 1800 കോടി ചെലവഴിച്ചതെന്ന് രേഖകള്‍ വിശദമാക്കുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് 150 കോടി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് 150 കോടി, രാജ്‌നാഥ് സിംഗിന് 100 കോടി, അധ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി, ഇതിനുപുറമെ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടിയും കൊടുത്തു. കേന്ദ്ര കമ്മറ്റിയിലെ അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടിയും നല്‍കിയിട്ടുണ്ട്.

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണം. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്നും കോണ്‍ഗ്രസ് ചോദ്യമുന്നയിച്ചിരുന്നു.

DONT MISS
Top