12 പെട്ടി പോണ്‍ സിനിമകള്‍ മാതാപിതാക്കള്‍ നശിപ്പിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍

പോണ്‍ സിനിമകള്‍ നശിപ്പിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി മകന്‍. മകന്‍ സൂക്ഷിച്ച ഒരു പോണ്‍ ശേഖരംതന്നെയാണ് മാതാപിതാക്കള്‍ നശിപ്പിച്ചതെന്ന് മകന്‍ ആരോപിക്കുന്നു. അമേരിക്കയില്‍ മിഷിഗണ്‍ സ്വദേശികളാണ് ഈ കുടുംബം.

മൂന്നുകൊല്ലം മുമ്പ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍വേണ്ടിയാണ് യുവാവ് വീട്ടിലെത്തിയത്. വിവാഹ മോചനത്തിന് ശേഷമായിരുന്നു ഇയാള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാം എന്ന തീരുമാനമെടുത്തത്. എന്നാല്‍ ഒരുവര്‍ഷം പോലും തികയുംമുമ്പേ ഇയാള്‍ തനിച്ചുതാമസിക്കുവാന്‍ മറ്റൊരു വീട്ടിലേക്ക് മാറി.

ഇയാള്‍ വീടുമാറി താമസിക്കാന്‍ ആരംഭിച്ചതിനേത്തുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളുടെ സാധന സാമഗ്രികള്‍ പുതിയ വിലാസത്തിലേക്ക് അയച്ചുനല്‍കി. എന്നാല്‍ അടച്ചുഭദ്രമാക്കിയ 12 പെട്ടികള്‍ മാത്രം എത്തിച്ചേര്‍ന്നില്ല. യുവാവ് കാത്തിരുന്ന ഈ പെട്ടികള്‍ എത്താത്തതിനേത്തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നീട് താന്‍ ഈ പെട്ടികള്‍ അയച്ചുനല്‍കാത്തതാണെന്നും താനത് നശിപ്പിച്ചുകളഞ്ഞെന്നും പിതാവ് സമ്മതിച്ചു. എല്ലാം മകന്റെ നന്മയെക്കരുതിയാണെന്നും അദ്ദേഹം കോടതിമുമ്പാകെ പറഞ്ഞു. എന്നാല്‍ നിയമ നടപടികളില്‍നിന്ന് പിന്നോട്ടുപോകാന്‍ മകന്‍ തയാറായില്ല.

ഇനിയൊരിക്കലും ശേഖരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അപൂര്‍വമായ പോണ്‍ സിനിമാ ശേഖരമാണ് 12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് എന്ന് മകന്‍ തറപ്പിച്ചുപറഞ്ഞു. ഇതിന് മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കണം എന്ന ആവശ്യത്തോടെ നിയമ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനും ഇയാള്‍ തീരുമാനിച്ചു. 86,000 ഡോളറാണ് യുവാവ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.

ഈ കുടുംബത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മിഷിഗണ്‍ പൊലീസ് തയാറായിട്ടില്ല. എന്നാല്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

DONT MISS
Top