മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു; എന്‍കെ പ്രേമചന്ദ്രന് കലക്ടറുടെ താക്കീത്

തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചു എന്നപരാതിയില്‍ എന്‍കെ പ്രേമചന്ദ്രന് കലക്ടറുടെ താക്കീത്. സമാന രീതിയിലുള്ള പ്രസംഗം ഒഴിവാക്കണമെന്നും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. അതേ സമയം കെഎന്‍ ബാലഗോപാലിന്റെ ചിത്രവും ചിഹ്നവും പതിച്ച വസ്ത്രം ധരിച്ച് ഭക്ഷണം വിതരണം ചെയ്‌തെന്ന യുഡിഎഫിന്റെ പരാതിയില്‍ കെഎന്‍ ബാലഗോപാലിനോട് കലക്ടര്‍ വിശദീകരണം തേടി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ നടത്തിവന്ന പൊതിച്ചോറ് വിതരണം തെരഞ്ഞെടുപ്പായതുകൊണ്ട് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ ഇടപെട്ട് പരാതി നല്‍കിയിരുന്നു. കെഎന്‍ ബാലഗോപാലിന്റെ ചിത്രവും ചിഹ്നവും പതിച്ച വസ്ത്രം ധരിച്ചാണ് പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്തതെന്നാരോപിച്ചാണ് പരാതി നല്‍കിയത്.

‘വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണ്. ഏത് മഴയത്തും ഏത് വെയിലത്തും ഇവിടെ ചോറെത്തിച്ചിട്ടുണ്ട്. ഞങ്ങളാരും അപ്പോള്‍ വിശപ്പ് അറിഞ്ഞിട്ടില്ല. ഇത് നിര്‍ത്താന്‍ പാടില്ല. ഇത്രേം പാവപ്പെട്ടവരാ ഇവിടെയുള്ളത്. പാവപ്പെട്ട മക്കള് നാനാവീട്ടിലും പോയി കൈനീട്ടി നിരവധിപേര്‍ക്കാണ് കൊടുക്കുന്നത്. നിര്‍ത്തണമെന്ന് പ്രേമചന്ദ്രന്‍ പറയണ്ട കാര്യമെന്താ? പ്രേമചന്ദ്രന്റെ വീട്ടില്‍ നിന്ന് വരുന്ന ആഹാരമല്ലല്ലോ.’ രോഗികളും രോഗികളുടെ കൂട്ടിരിപ്പുകാരും ചോദിക്കുന്നു.

കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത്. ‘ഹൃദയസ്പര്‍ശം’ എന്ന പേരിലാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം. യുവജനങ്ങളുടെ മാതൃകയായ ജീവകാരുണ്യപ്രവര്‍ത്തനത്തെ കക്ഷിരാഷ്ട്രീയഭേദമന്യേ നാടൊന്നായി ഏറ്റെടുത്തിരുന്നു. മുടക്കമില്ലാതെ 700 ദിവസങ്ങളിലായി 30 ലക്ഷം പൊതികളാണ് വിതരണം ചെയ്തത്.

DONT MISS
Top