റാഫേല്‍ ഇടപാട്: സുപ്രിം കോടതി അഴിമതി കണ്ടെത്തി എന്ന പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ദില്ലി: റാഫേല്‍ കേസിലെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതി നോട്ടീസ്. റാഫേല്‍ ഇടപാടില്‍ സുപ്രിം കോടതി അഴിമതി കണ്ടെത്തി എന്ന പരാമര്‍ശം നടത്തിയതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഏപ്രില്‍ 22നകം വിശദീകരണം നല്‍കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കണമോ എന്ന് മാത്രമാണ് കോടതി പരിശോധിച്ചത് എന്ന് വ്യക്തമാക്കി.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് പുതിയ രേഖകള്‍ പുനപരിശോധന ഹര്‍ജിക്കൊപ്പം പരിഗണിക്കരുതെന്ന ആവശ്യം തള്ളി സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ റാഫേല്‍ ഇടപാടില്‍ നടന്ന അഴിമതി നടന്നു എന്ന ആരോപണം കോടതി ശരി വച്ചതായി രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റാഫേല്‍ വിധി ഉദ്ദരിച്ച് ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത മീനാക്ഷി ലേഖി ആരോപിച്ചിരുന്നു.

രാഷ്ട്രീയ ലാഭങ്ങള്‍ക്ക് ആയി സുപ്രിം കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച രാഹുല്‍ ഗാന്ധിയുടെ നടപടി കടുത്ത കോടതി അലക്ഷ്യം ആണെന്ന് മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. ഇതേ തുടര്‍ന്ന് ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. ഏപ്രില്‍ 22 നകം രാഹുല്‍ ഗാന്ധി മറുപടി നല്‍കണം.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കണമോ എന്ന് മാത്രമാണ് കോടതി പരിശോധിച്ചത് എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നു എന്ന് പറഞ്ഞിട്ടില്ല എന്നും കോടതി വ്യക്തമാക്കി.

DONT MISS
Top