ഷോപ്പിംഗ് മാളിന്റെ മൂന്നാംനിലയില്‍ നിന്ന് അഞ്ചുവയസ്സുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു; 24കാരന്‍ അറസ്റ്റില്‍

അമേരിക്കയില്‍ ഷോപ്പിംഗ് മാളിന്റെ മൂന്നാംനിലയില്‍ നിന്ന് അഞ്ചുവയസ്സുകാരനെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്നാംനിലയില്‍ നിന്ന് താഴെ വീണ കുട്ടി അതിഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാവിലെ പത്ത് മണിയോടെ അഞ്ചുവയസ്സുകാരന്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണുവെന്നാണ് പൊലീസിന് ആദ്യം ലഭിച്ച സന്ദേശം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും മാളിലെത്തിയവരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയെത്തിച്ചു.

പിന്നീട് കുട്ടി വീഴുന്നത് നേരില്‍ കണ്ട സാക്ഷികള്‍ കുട്ടിയെ ഒരാള്‍ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 24കാരനായ ഇമ്മാനുവേല്‍ ദേഷ്വാന്‍ അറസ്റ്റിലായത്. ഇയാള്‍ എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിയുടെ കുടുംബവുമായി ഇമ്മാനുവേലിനോ കുടുംബത്തിനോ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രതിക്കെതിരെ പൊലീസ് നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അത്യന്തം ഗുരുതരാവസ്ഥയിലായ കുട്ടി രക്ഷപ്പെടുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

DONT MISS
Top