വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സീരിയല്‍ ക്യാമറാമാന്‍ അറസ്റ്റില്‍

കണ്ണൂര്‍: കേരളത്തിലെ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സീരിയല്‍ ക്യാമറാമാന്‍ കണ്ണൂര്‍ ചെറുപുഴയില്‍ അറസ്റ്റില്‍. കോട്ടയം മണര്‍ക്കാട് സ്വദേശി കുര്യന്‍ മാത്യു എന്ന ബിബിന്‍ (33) നെയാണ് ചെറുപുഴ എസ്‌ഐ ടി ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. മുന്നൂറിലധികം ആളുകളില്‍ നിന്നായി വിവിധ പോസ്റ്റുകള്‍ക്കായി മുപ്പത്തി അയ്യായിരം മുതല്‍ അന്‍പതിനായിരം രൂപവരെയാണ് ഇയാള്‍ അപേക്ഷകരില്‍ നിന്ന് കൈപ്പറ്റിയത്.

ചെറുപുഴ കൊടോപ്പള്ളി സ്വദേശി അരുണ്‍ രാജ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചെറുപുഴ പോലിസ് കോട്ടയത്തുവച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. സ്വന്തമായി കമ്പ്യൂട്ടര്‍ സ്ഥാപനം ഉള്ള ഇയാള്‍ എയര്‍ ഇന്ത്യയുടെ വ്യാജ ലെറ്റര്‍പാട് ഉണ്ടാക്കി അത് കാട്ടിയാണ് പലരില്‍നിന്നും പണം തട്ടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് മാത്രമായി മുന്നൂറോളം ആളുകളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. നേരിട്ടും വിവിധ ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് വഴിയും ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ അക്കൗണ്ട് കൂടാതെ പിതാവ് തങ്കച്ചന്‍, ഭാര്യ ശാലിനി എന്നിവര്‍ വഴിയും ഇയാള്‍ പണം ശേഖരിച്ചിട്ടുണ്ട്. ഇതുപോലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം തട്ടിപ്പ് നടത്തിയതായി സംശയമുണ്ട്.

സമാനമായ മറ്റൊരു കേസില്‍ മുന്‍പ് ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. നീലേശ്വരത്തിനടുത്ത് പെരിയങ്ങാനം സ്വദേശിനിയായ ഒരു സ്ത്രീ ഇയാളുടെ ഏജന്റ് ആയി പ്രവര്‍ത്തിച് 135 ഓളം ആളുകളില്‍ നിന്ന് പണം വാങ്ങിയതായും എളേരി സ്വദേശിനിയായ ഒരു സാമൂഹിക പ്രവര്‍ത്തക വഴിയും മുപ്പതോളം ആളുകളില്‍ നിന്ന് പണം തട്ടിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ് കോടതിയില്‍ ആവശ്യപ്പെടും. ചെറുപുഴ എസ്‌ഐയെ കൂടാതെ എഎസ്‌ഐ സി തമ്പാന്‍, എസ്‌സിപി ഒ ഹേമന്ത് കുമാര്‍, എം പ്രകാശന്‍, സിപിഒമാരായ രതീഷ് കുന്നൂല്‍, രതീഷ് പി, മഹേഷ് കെ, രമേശന്‍ കെകെ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നിരവധി ആളുകളുടെ അപേക്ഷകളും ബിയോഡേറ്റയും മറ്റുരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

DONT MISS
Top