ബീഫ് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപണം; അസമില്‍ മുസ്‌ലിം വൃദ്ധനെ മര്‍ദ്ദിച്ച് പന്നിയിറച്ചി കഴിപ്പിച്ചു

ബിശ്വനാഥ്: അസമില്‍ ബീഫ് വില്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മുസ്‌ലിം വൃദ്ധനെ മര്‍ദ്ദിച്ച് അവശനാക്കി പന്നിയിറച്ചി കഴിപ്പിച്ചു. അസമിലെ ബസന്ത് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഷൗക്കത്ത് അലി എന്ന 68 വയസുകാരനായ വൃദ്ധനെ ആള്‍ക്കൂട്ടം തല്ലിച്ചതക്കുകയും നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിക്കുകയുമായിരുന്നു. ആക്രമികളുടെ മുന്നില്‍ ഷൗക്കത്ത് അലി മുട്ടുകുത്തി നിന്ന് തന്നെ പോകാന്‍ അനുവദിക്കണം എന്ന് ദൃശ്യങ്ങളില്‍ ആവശ്യപ്പെടുന്നത് കാണാം.

ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഷൗക്കത്ത് അലി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൗക്കത്ത് അലിയുടെ സഹോദരന്‍ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തതായാണ് ലഭിക്കുന്ന വിവരം.

ഷൗക്കത്ത് അലിയെ അക്രമികള്‍ ഭീഷണിപ്പെടുത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. ബീഫ് വില്‍ക്കാനുള്ള ലൈസന്‍സ് ഉണ്ടോ എന്നും നിങ്ങള്‍ ബംഗ്ലാദേശ് സ്വദേശിയാണോ എന്നും ആള്‍ക്കൂട്ടം ഷൗക്കത്ത് അലിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ചോരയില്‍ കുളിച്ച് ആള്‍ക്കൂട്ടത്തില്‍ മുന്നില്‍ മുട്ട് കുത്തിനില്‍ക്കുന്ന വീഡിയോ ഷൗക്കത്ത് അലിയുടേതാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

DONT MISS
Top