ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിന് കൂടുതല്‍ തെളിവുകളുമായി നാസ

ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നതിന് തെളിവുകളുമായി നാസ. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ചൊവ്വയില്‍ ജീവനു നിലനില്‍ക്കാന്‍ സാധിക്കുമെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചത്.

ചൊവ്വാ പര്യവേഷണങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വയിലേതിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചെടുത്ത് ഭൂമിയിലെ സൂക്ഷ്മ ജീവികളെയും സസ്യങ്ങളെയും ആ നിലയത്തിലേക്ക് അയച്ചാണ് പരീക്ഷണം നടത്തിയത്. ബയോമെക്‌സ് എന്നായിരുന്നു പരീക്ഷണത്തിന്റെ പേര്. 533 ദിവസമാണ് ഭൂമിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും ബഹിരാകാശ നിലയത്തിലെ അത്യന്തം ദുഷ്‌കരമായ സാഹചര്യങ്ങളെ അതീജിവച്ചത്. ഇത് ചൊവ്വയില്‍ ജീവന് അതിജീവനം സാധ്യമാണെന്നതിന്റെ തെളിവാണെന്നാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. ചൊവ്വയിലെ അന്തരീക്ഷത്തിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകളെയും യു വി രശ്മികളെയും അതിജീവിച്ചാണ് സൂക്ഷ്മ ജീവികള്‍ ജീവിച്ചത്.

സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന് സാധ്യതയുള്ള മറ്റൊരു ഗ്രഹമാണ് ചൊവ്വ. ഭൂമിയിലേതിന് സമാനമായി ജീവന് അനുകൂലമായ ചില സാഹചര്യങ്ങളും ചൊവ്വയിലുണ്ടെങ്കിലും ജീവന്‍ നിലനില്‍ക്കണമെങ്കില്‍ നിരവധി വെല്ലുവിളികളുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വന്‍ പൊടിക്കാറ്റ്, കഠിന തണുപ്പ്, വരണ്ട കാലാവസ്ഥ, ഓക്‌സിജന്റെയും ഗുരുത്വാകര്‍ഷണത്തിന്റെയും കുറവ് എന്നിവയാണ് ജീവന് വെല്ലുവിളിയാകുന്ന ഘടകങ്ങള്‍.

ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ മുന്നൂറു കോടി വര്‍ഷം പഴക്കമുള്ള ശിലാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജൈവ തന്മാത്രകള്‍ ഉള്ളതായും മൂന്നു ചൊവ്വാ വര്‍ഷം മുമ്പ ്(ആറ് ഭൗമ വര്‍ഷം) കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷത്തിലെ മീഥൈനിന്റെ അളവില്‍ മാറ്റമുണ്ടായതായും നാസ പറയുന്നു. ജൈവ തന്മാത്രകളില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ചെറിയതോതില്‍ ഓക്‌സിജന്‍ എന്നിവയാണുണ്ടാകുക. ഇതു തന്നെയാണ് ജീവന്റെ സാന്നിധ്യത്തിന് സാധ്യതയേകുന്നതും. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാലെ ക്രാറ്ററില്‍ തടാകമുണ്ടായിരുന്നെന്നും നാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

DONT MISS
Top