ബോധവത്കരണ സിനിമയുമായി കേരള പൊലീസ്; ജൂണ്‍ മുതല്‍ ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും

ട്രോളുകളിലൂടെ ബോധവത്കരണ സന്ദേശവുമായി എത്തുന്ന കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിനെ വളരെ ഗൗരവത്തോടെയാണ് മലയാളികള്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ട്രോളിന് പകരം ബോധവത്കരണ സന്ദേശം ഉള്‍ക്കൊള്ളിച്ച് ഒരു സിനിമ പുറത്തിറക്കുകയാണ് കേരള പൊലീസ്. കാഴ്ചയ്ക്കപ്പുറം എന്ന് പേരിട്ടിരിക്കുന്ന സിനിമ റോഡ് സുരക്ഷാ, സ്ത്രീ സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രൈയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിവിന്‍ പോളിയാണ് ട്രെയിലര്‍ ഫെയ്‌സ്ബുക്കിലൂടെ ലോഞ്ച് ചെയ്തത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കുന്നതോടെ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് കേരള പൊലീസ് ഉദ്ദേശിക്കുന്നത്.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അന്‍ഷാദ് കരുവന്‍ഞ്ചാലാണ്. ഷബീബ് ഖാലിദാണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ സംഗീതവും സംഘട്ടനം മാഫിയാ ശശിയും ചായഗ്രഹണം ആര്‍ആര്‍ വിഷ്ണുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS
Top