‘നരേന്ദ്ര മോദി’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിരിക്കാത്തവരേയും ചിരിപ്പിക്കാന്‍ ‘മോദി’ എത്തുന്നു

വമ്പന്‍ തമാശകള്‍കൊണ്ടും കഥകള്‍കൊണ്ടും സമ്പുഷ്ടമായ മറ്റൊരു ചിത്രംകൂടി തിയേറ്ററുകളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെന്ന് അവകാശപ്പെട്ട് പുറത്തിറക്കുന്ന പിഎം മോദി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു.

മോദി പറഞ്ഞിട്ടുള്ള ‘ഹിമാലയന്‍ കഥകള്‍’ ഉള്‍പ്പെടെയുള്ളവ ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലറില്‍നിന്ന് മനസിലാകും. ശാഖയില്‍ കുറുവടി ചുഴറ്റുന്നതും ചായ വില്‍പ്പനയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങളും ചിത്രത്തില്‍ ഇടംപിടിക്കുന്നു. എന്നാല്‍ മുതലപിടുത്തം ഉള്‍പ്പെടെയുള്ള ‘ബാല്‍ നരേന്ദ്ര’ കഥകള്‍ ചിത്രത്തിലുണ്ടോ എന്ന് വ്യക്തമല്ല.

ലൂസിഫറിലൂടെ മലയാളത്തില്‍ മോഹന്‍ലാലിന്റെ വില്ലന്‍ വേഷത്തിലെത്തുന്ന വിവേക് ഒബ്‌റോയി തനിക്ക് തമാശയും വഴങ്ങുമെന്ന് ചിത്രത്തിലൂടെ തെളിയിക്കുന്നു. മോദിയായുള്ള വിവേക് ഒബ്‌റോയിയുടെ മെയ്ക്ക്ഓവര്‍ തന്നെ ആരെയും പൊട്ടിച്ചിരിപ്പിക്കാനുതകുന്നതാണ്.

ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല പോലുള്ള സംഭവങ്ങള്‍ ചിത്രത്തിലുണ്ടാകുമോ എന്നത് ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. മോദിയേപ്പോലൊരാളുടെ കഥപറയുന്ന ചിത്രത്തില്‍ എന്തിനോവേണ്ടി ഇന്ദിരയും സോണിയയും എന്ന് തോന്നിക്കുന്ന ഇന്ത്യയുടെ ശക്തരായ വനിതാ നേതാക്കളേയും കാണാം.

ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഏപ്രില്‍ 5ന് ചിത്രം തിയേറ്ററുകളിലെത്തും. തെരഞ്ഞെടുപ്പിന് മുമ്പ് എങ്ങനേയും ഈ പുകഴ്ത്തല്‍ കഥ തിയേറ്ററിലെത്തിക്കാന്‍ വളരെ വേഗമാണ് ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ത്തത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമെത്തുന്നത്.

DONT MISS
Top