ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാര്‍നാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുന്നു; നിലവില്‍ ഉറപ്പിച്ചവ ഏതാനും സീറ്റുകള്‍ മാത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാര്‍നാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ ആയ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, സുധീരന്‍ എന്നിവര്‍ മത്സരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. വൈകിട്ട് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തെരെഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.

കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചവര്‍ ഇവരാണ്. തിരുവനന്തപുരം ശശി തരൂര്‍, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരനും ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസും ഏറെ കുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റ് മണ്ഡലങ്ങളെ സംബന്ധിച്ച് അനിശ്ചിത്വത്തം തുടരുക ആണ്. മുതിര്‍ന്ന നേതാക്കള്‍ ആയ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, സുധീരന്‍ എന്നിവര്‍ മത്സരിക്കുന്നത് സംബന്ധിച്ച അവ്യക്ത ആണ് ഈ അനിശ്ചിതത്വങ്ങള്‍ക്ക് പിന്നില്‍. പത്തനം തിട്ട മണ്ഡലം വിജയിക്കണം എങ്കില്‍ ഉമ്മന്‍ ചാണ്ടിയും, വടകര മണ്ഡലം വിജയിക്കണം എങ്കില്‍ മുല്ലപ്പള്ളിയും മത്സരിക്കണം എന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതു വികാരം. എങ്കിലും ഇരുവരും മത്സരിക്കാന്‍ തയ്യാറായിട്ടില്ല.

ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നില്ല എങ്കില്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് തന്നെ ആണ് സാധ്യത. വടകര മണ്ഡലത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി സിദിഖ്, അഭിജിത്, വിദ്യ ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ ആണ് പരിഗണിക്കുന്നത്. എന്നാല്‍ സിദിഖിനെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. തങ്ങളുടെ സിറ്റിംഗ് സീറ്റ് ആയ വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍, അബ്ദുല്‍ മജീദ് എന്നിവരെ ആണ് ഐ ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്നത്.

കെ സി വേണുഗോപാല്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ വയനാട് അദ്ദേഹത്തിന് നറുക്ക് വീഴും. പാലക്കാട് മണ്ഡലത്തില്‍ വി കെ ശ്രീ കണ്ടന്റെ പേരിനു ആണ് നിലവില്‍ മുന്‍തൂക്കം. സുമേഷ് അച്യുതന്റെ പേരും പരിഗണനയില്‍ ഉണ്ട്. തൃശൂരില്‍ ടി എന്‍ പ്രതാപനും ചാലക്കുടിയില്‍ ബെന്നി ബഹനാനും ആണ് മുന്‍തൂക്കം. എന്നാല്‍ ക്രൈസ്തവ സമുദായത്തില്‍ പെട്ടവര്‍ തൃശൂരില്‍ മത്സരിക്കണം എന്ന തീരുമാനം ഉണ്ടായാല്‍ ബെന്നിക്ക് അങ്ങോട്ട് പോകേണ്ടി വരും. ചാലക്കുടിയില്‍ അങ്ങനെ വന്നാല്‍ ടി എന്‍ പ്രതാപനോ, കെ പി ധനപാലനോ സ്ഥാനാര്‍ത്ഥി ആയേക്കും.

എറണാകുളത്ത് കെ വി തോമസ് ആണോ ഹൈബി ഈഡന്‍ ആണോ മത്സരിക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. ആലപ്പുഴയില്‍ വിജയ സാധ്യത വി എം സുധീരന് ആണെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ സുധീരന്‍ മത്സരിക്കാന്‍ തയ്യാറായിട്ടില്ല. സുധീരന്‍ ഇല്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന് നറുക്ക് വീണേക്കും. ആലപ്പുഴയെ ആശ്രയിച്ച് ആകും ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം. അടൂര്‍ പ്രകാശ്, എം എം ഹസ്സന്‍ എന്നിവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്.

DONT MISS
Top