വൈഎസ്ആറിന്റെ സഹോദരന്‍ മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

അമരാവതി: ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് മുന്‍മന്ത്രി വിവേകാനന്ദ റെഡ്ഡി(68) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയിലെ സ്വവസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഹൃദയസ്തംഭനമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മുറിയില്‍ രക്തകറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവേകാനന്ദ റെഡ്ഡിയുടെ സ്വകാര്യ സഹായി എം വി കൃഷണ റെഡ്ഡി പുളിവെടുള്ള പൊലീസില്‍ പരാതി നല്‍കുകയായിരിന്നു. ശരീരത്തില്‍ ഏഴു മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. റെഡ്ഡിയുടെ മരണം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കടപ്പയില്‍ നിന്നുള്ള സ്ഥാനാര്‍ഥി ഇത്തവണ വിവേകാനന്ദ റെഡ്ഡിയായിരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. നേരത്തെ രണ്ടു തവണ കടപ്പയില്‍ നിന്ന് റെഡ്ഡി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

DONT MISS
Top