ന്യൂസിലാന്‍ഡ് വെടിവെയ്പ്; മരണം 49 ആയി; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ മരണം 49 ആയി. രണ്ട് പള്ളികളിലും പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞെത്തിയ അക്രമികള്‍ പള്ളിയിലേക്ക് അതിക്രമിച്ച് കടന്ന ശേഷം മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയായതിനാല്‍ രണ്ട് പള്ളികളിലും നിരവധിയാളുകളുണ്ടായിരുന്നു.

പള്ളിയിലേക്ക് ആരും വരരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതോടപ്പം ന്യൂസിലാന്‍ഡിലെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് കെട്ടിടങ്ങളും പൊലീസ് നിര്‍ദേശ പ്രകാരം പൂട്ടി.

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കളിക്കാനായെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങളും വെടിവെയ്പ്പുണ്ടായ സമയത്ത് പള്ളിയുടെ പരിസരത്ത് ഉണ്ടായിരുന്നു. വെടിവെയ്പില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമാണെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഓരു ശതമാനം മാത്രമാണ് മുസ്‌ലിം ജനസംഖ്യയെന്നും അക്രമികളെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും ജെറിന്‍ഡ പറഞ്ഞു.

DONT MISS
Top