സൗദിയില്‍ മത്സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നീട്ടി

മനാമ: സൗദിയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ സ്വദേശിവല്‍ക്കരണം നീട്ടിവെക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തീരുമാനം. ബോട്ടുടമകളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനം. കൂടുതല്‍ പഠനത്തിനു ശേഷമായിരിക്കും സൗദിവല്‍ക്കരണം നടപ്പാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്.

ബോട്ടുകള്‍ക്ക് മത്സ്യ ബന്ധന ലൈസന്‍സിന് ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സാവകാശമില്ലാതെ സൗദിവല്‍ക്കരണം നടപ്പാക്കുന്നത് മേഖലയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ബോട്ടുടമകള്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു. വിദേശികളെ ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ പകരം ജോലിയില്‍ പ്രാഗത്ഭ്യമുള്ള സൗദികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

മത്സ്യബന്ധന മേഖലയില്‍ പരമ്പരാഗതമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ പങ്കാളിത്തത്തോടെയായിരിക്കും പഠനം നടത്തുകയെന്ന് മന്ത്രാലയം പറഞ്ഞു. എന്നാല്‍, മത്സ്യബന്ധന മേഖലയില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തുടരും. സൗദി യുവാക്കള്‍ക്ക് മത്സ്യബന്ധന മേഖലയില്‍ പരിശീലനം നല്‍കുകയും മത്സ്യബന്ധന മേഖലയില്‍ സൗദികളുടെ എണ്ണം ഉയര്‍ത്തുന്നതിന് ധനസഹായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. സൗദിവല്‍ക്കരണത്തിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിലയിരുത്തി. എല്ലാ പ്രവിശ്യകളിലും നിയമ വ്യവസ്ഥകള്‍ ഏകീകരിക്കാനും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിക്കരിക്കാനും യോഗം തീരുമാനിച്ചു.

DONT MISS
Top