രണ്ടാമൂഴം കേസില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി; ആര്‍ബിട്രേറ്ററെ വയ്ക്കണമെന്ന ആവശ്യം കോടതി തള്ളി

കോഴിക്കോട്: രണ്ടാമൂഴം കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്ററെ വയ്ക്കണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതിയും തള്ളി. ആര്‍ബിട്രേറ്ററെ വയ്ക്കാനാവില്ലെന്ന മുന്‍സിഫ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു ശ്രീകുമാര്‍ മേനോന്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നത്.

കരാര്‍ പ്രകാരം സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലായിരുന്നു രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നവശ്യപ്പെട്ട് എം ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചിരുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് തിരക്കഥകളാണ് എം ടി ശ്രീകുമാരമേനോന് നല്‍കിയത്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം തര്‍ക്ക പരിഹാരത്തിന് ആര്‍ബിട്രേറ്ററെ നിയമിക്കണമെന്ന്് ശ്രീകുമാരമേനോന്‍ കോടതിയില്‍ നിലപാട് എടുത്തു. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും കോടതിയെ അറിയിച്ചു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ മധ്യസ്ഥനെ വെക്കുന്നതിനെ എംടിയുടെ അഭിഭാഷകന്‍ കോടതിയില്‍ ശക്തമായി തന്നെ എതിര്‍ത്തു.

ഇരുകക്ഷികളുടേയും വാദംകേട്ട കോഴിക്കോട് മുന്‍സീഫ് കോടതി ശ്രീകുമാര്‍മേനോന്റെ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പുറമെ തിരക്കഥ ഉപയോഗിക്കുന്നതിന് താല്ക്കാലിക വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെയായിരുന്നു ശ്രീകുമാര്‍ മേനോന്‍ മേല്‍ക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പരിഗണിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍സീഫ് കോടതിയുടെ വിധി ശരിവെച്ചു. കേസിന്റെ തുടര്‍ന്നുള്ള നടപടികളെല്ലാം മുന്‍സീഫ് കോടതിയില്‍ തുടരും. അതേ സമയം ആര്‍ബിറ്റേറ്ററെ വേണ്ടെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീകുമാര്‍ മേനോന്‍.

DONT MISS
Top