50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടീസ്

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി കോടതി നോട്ടീസ് അയച്ചു. 21 പാര്‍ട്ടികളുടെ നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാറിനുമാണ് നോട്ടീസ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുതാര്യത ഉറപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂട്ടായി നല്‍കിയ ഹര്‍ജി പരിഗണിക്കാനാണ് സുപ്രിംകോടതി തീരുമാനം. ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള വിവിപാറ്റ് രസീതുകളില്‍ 50 ശതമാനം എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്‌രിവാള്‍, കെസി വേണുഗോപാല്‍ തുടങ്ങി 21 പാര്‍ട്ടികളുടെ നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും നിയമ മന്ത്രാലയത്തിനുമാണ് നോട്ടീസ്. പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.

also read: വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു; 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

മാര്‍ച്ച് 25 ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കോടതി നടപടികളില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപെടുത്തണം. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് മാത്രമാണ് എണ്ണുന്നത്. ഇതേപ്പറ്റി കൂടുതല്‍ പഠനം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തീരുമാണമെന്നുമാണ് കമ്മീഷന്‍ നിലപാട്. അതിനിടെ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷവും പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സഹിതം സര്‍ക്കാര്‍ പരസ്യങ്ങള്‍ ഉള്ളതായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പെരുമാറ്റ ചട്ട ലംഘനം ആയതിനാല്‍ പരസ്യങ്ങള്‍ ഉടന്‍ നീക്കണമെന്നാണ് ആവശ്യം.

DONT MISS
Top