ശ്രീശാന്തിന് ഭാഗിക ആശ്വാസം; ആജീവനാന്ത വിലക്ക് സുപ്രിം കോടതി റദ്ദാക്കി

ദില്ലി:ഒത്ത് കളി കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ശ്രീശാന്തിന്റെ വാദം കൂടി കേട്ട ശേഷം ശിക്ഷ കാലാവധി മൂന്ന് മാസത്തിന് ഉള്ളില്‍ പുനഃനിര്‍ണ്ണയിക്കാന്‍ ബിസിസിഐയോട് സുപ്രിംകോടതി നിര്‍ദേശിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണ് എന്ന് കോടതി വ്യക്തമാക്കി.

ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ആണ് രാജസ്ഥാന്‍ റോയല്‍സ് ടീം മുന്‍ താരമായ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ദില്ലി കോടതി 2015 ല്‍ കുറ്റവിമുക്തനാക്കിയെങ്കിലും അച്ചടക്ക നടപടിയില്‍ നിന്നു പിന്നോട്ടില്ലെന്ന ബിസിസിഐ നിലപാട് ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രിംകോടതിയെ സമീപിച്ചത്. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗീകമായി കോടതി അംഗീകരിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണ് എന്ന് കോടതി വ്യക്തമാക്കി. അച്ചടക്ക നടപടി എടുക്കാന്‍ ബിസിസിഐയുടെ അച്ചടക്ക സമിതിക്ക് അംഗീകാരം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ല എന്നായിരുന്നു ബിസിസിസി യുടെ വാദം. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ ശ്രീശാന്തിന്റെ വിശദീകരണം തൃപ്തികരം അല്ല എന്നും ബിസിസിഐ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് ശ്രീശാന്തിന്റെ വാദം കൂടി കേട്ട ശേഷം ശിക്ഷ കാലാവധി പുനഃനിര്‍ണ്ണയിക്കാന്‍ ബിസിസിഐയോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. മൂന്ന് മാസം ആണ് ഇതിന് സുപ്രിംകോടതി അനുവദിച്ചിട്ടുള്ളത്.

വിധിയില്‍ സന്തോഷം ഉണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ആറു മാസമായി പരിശീലനത്തില്‍ ഏര്‍പ്പെട്ട് വരികെ ആണ്. ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ എന്നും ശ്രീശാന്ത് പ്രതികരിച്ചു. 2013 ല്‍ ആണ്  ഒത്ത് കളി കേസില്‍ ശ്രീശാന്തിനെ പ്രതി ചേര്‍ത്തത്. 2015 ല്‍ ശ്രീശാന്തിന് എതിരെ തെളിവ് ഇല്ല എന്ന് ദില്ലി പാട്യാല ഹൌസ് കോടതി വിധിച്ചിരുന്നു.

DONT MISS
Top