ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് ഇടപെട്ടിരുന്നതായും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസിന്റെ ജനമഹാ റാലിക്ക് ശേഷമായിരുന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ യോഗം ചേര്‍ന്നത്. ഇടുക്കി സീറ്റില്‍ പിജെ ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നേതാക്കളുടെ അടിയന്തിര യോഗം. എന്നാല്‍ യോഗത്തിന്‌ശേഷം പുറത്തിറങ്ങിയ പികെ കുഞ്ഞാലിക്കുട്ടി ജോസഫിന് സീറ്റ് നല്‍കാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതികരിച്ചത്.

also read: മാണിയുമായി യോജിച്ചു പോകാനാകില്ല; ജോസഫ് ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് പി ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കാന്‍ ആലോചിക്കുന്നതില്‍ ലീഗിന്റെ അതൃപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ദേശീയ തലത്തില്‍ ഏറ്റവും വലിയ ഒറ്റക്കകക്ഷിയാകാന്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നതായിരുന്നു മൂന്നാം സീറ്റ് നല്‍കാതിരിക്കാന്‍ ലീഗിന് മുമ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച വാദം. എന്നാല്‍ ഇനി ഇടുക്കി സീറ്റ് പി ജെ ജോസഫിന് നല്‍കുകയാണെങ്കില്‍ ഒരിക്കല്‍ വേണ്ടെന്നു വച്ച മൂന്നാം സീറ്റെന്ന ആവശ്യം വീണ്ടുമുയര്‍ത്താനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

DONT MISS
Top