കുവൈറ്റില്‍ തൊഴില്‍ സ്ഥലത്തെ പരിശോധന ശക്തമാക്കി; 181 അനധികൃത തൊഴിലാളികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി: തൊഴില്‍ സ്ഥലത്ത് പരിശോധന ശക്തമാക്കിയതോടെ കുവൈറ്റില്‍ അനധികൃതമായി ജോലി ചെയ്തിരുന്ന നൂറിലധികം തൊഴിലാളികള്‍ പിടിയിലായി. നിര്‍മ്മാണം പുരോഗമിക്കുന്ന ശദാദിയ യൂനിസ്‌വേഴ്‌സിറ്റിയുടെ വര്‍ക്ക് സൈറ്റിലെ നൂറ്റി എണ്‍പത്തി ഒന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. തൊഴില്‍ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയതെന്ന് പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു.

പിടിക്കപ്പെട്ടവരില്‍ നൂറ്റി പതിനേഴ് പേര്‍ ഗാര്‍ഹിക വിസയായ ഇരുപതാം നമ്പര്‍ വിസയിലുള്ളവരാണ്. പതിനഞ്ച് പേര്‍ ആടിനെ മേയ്ക്കുന്ന ജോലിക്ക് അനുമതിയുള്ള വിസയിലുള്ളവരും നാല്പത്തി ഒന്‍പതു പേര്‍ സ്വകാര്യ കമ്പനി വിസയായ പതിനെട്ടാം നമ്പര്‍ വിസയിലുള്ളവരുമാണ്.

പിടികൂടിയവരെ മറ്റു നടപടിക്രമങ്ങള്‍ക്ക് വേണ്ടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുമെന്നും ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നും ഫയലുകള്‍ മരവിപ്പിക്കുമെന്നും അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി. നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലും സ്വന്തം സ്‌പോണ്‌സര്ക്ക് കീഴിലും മാത്രമേ ജോലി ചെയ്യാവൂ എന്നും അദ്ദേഹം തൊഴിലാളികളെ ഓര്‍മ്മിപ്പിച്ചു.

DONT MISS
Top