‘മോദിയെപോലെ കടപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല’; ആധികാരത്തില്‍ എത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കും എന്ന് രാഹുല്‍ ഗാന്ധി

തൃശൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ശബ്ദം കേള്‍ക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ രാഹുല്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ തനിക്കറിയുമെന്നും കൂട്ടിച്ചേര്‍ത്തു. തൃപ്രയാറില്‍ നടന്ന ദേശീയ മത്സ്യത്തൊഴിലാളി പാര്‍ലമെന്റിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന രാഹുലിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചത്. ഇതിലൂടെ മത്സ്യത്തൊളിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രധാനമന്ത്രിയേപ്പോലെ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്നും പറഞ്ഞ വാക്ക് പാലിക്കാനറിയുമെന്നും രാഹുല്‍ വ്യക്തമാക്കി.

also read: സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചില്ല; വീരമൃത്യൂ വരിച്ച ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ വസതി സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ഗാന്ധി പിന്മാറി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുമായി നടത്തിയ സംവാദത്തിലൂടെയാണ് രാഹുല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സാധാരണക്കാര്‍ ഉച്ചത്തില്‍ ശബ്ദിച്ചാലും പ്രധാനമന്ത്രിയുടെ കാതില്‍ കേള്‍ക്കുന്നില്ലെന്നും, എന്നാല്‍ അംബാനിയും, ചോക്‌സിയും, നീരവും മന്ത്രിച്ചാല്‍ പോലും പ്രധാനമന്ത്രി കേള്‍ക്കുമെന്നും രാഹുല്‍ പരിഹസിച്ചു. നീരവ് മോദിക്ക് നല്‍കിയ പണം യുവാക്കള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ നല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. തൃശൂരിലെ പരിപാടിയ്ക്ക് പുറമെ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി ശുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. അവിടെ നിന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. പിന്നീട് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മഹാജനറാലിയിലും രാഹുല്‍ ഗാന്ധി സംസാരിക്കും

DONT MISS
Top