മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി ‘വൈറല്‍ 2019’ സിനിമാ സ്‌ക്രീന്‍ ടെസ്റ്റ് (വീഡിയോ)

‘വൈറല്‍ 2019’ ന്റെ സ്‌ക്രീന്‍ ടെസ്റ്റ് വേദിയില്‍ അപ്രതീക്ഷിതമായി കയറിവന്ന ഒരു അതിഥി താരമായിരിക്കുകയാണ്. ജനകീയ സിനിമയായ വൈറല്‍ 2019 ന്റെ ഫൈനല്‍ സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചു നടക്കുകയുണ്ടായി. ചിത്രത്തിലെ രണ്ടു സംവിധായകരുടെ പിറന്നാള്‍ ആഘോഷത്തിനിടയിലേക്കാണ് അപ്രതീക്ഷിതമായി ആ അതിഥി കടന്നു വന്നത്.

കോഴിക്കോട് മുക്കം സ്വദേശിയായ പതിനേഴുകാരന്‍ റമീസാണ്് ചിത്രത്തിന്റെ നിര്‍മാതാവായ നൗഷാദ് അലത്തൂരിനോട് ധൈര്യസമേതം തന്റെ അവസരം ചോദിച്ചത്. തന്റെ അപകര്‍ഷതാബോധം തുറന്നു സംസാരിച്ചതുകൊണ്ടാണ് റമീസ് വൈറല്‍ ആയത്. റമീസിന്റെ കഥയറിഞ്ഞ നൗഷാദ് ആലത്തൂര്‍ ആ വേദിയില്‍ വെച്ചു തന്നെ രമീസിനു തന്റെ സിനിമയില്‍ അവസരം നല്‍കുകയും സ്‌ക്രീന്‍ ടെസ്റ്റ് നടത്താന്‍ പറയുകയും ചെയ്തു. കറുപ്പിന്റെ പേരില്‍ നിന്നെ ഇവിടെ നിന്ന് മാറ്റിനിര്‍ത്തുന്നില്ലെന്നും ഈ സിനിമയില്‍ നിനക്ക് അവസരമുണ്ടെന്നും നൗഷാദ് ആലത്തൂര്‍ പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വ്യക്തികളെയും സംഭവങ്ങളെയും ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി അപകടത്തില്‍ കാലുകള്‍ നഷ്ടപെട്ട സൗഭാഗ്യ എന്ന പെണ്‍കുട്ടിയെയും ജന്മനാ രണ്ടു കൈകളും ഇല്ലാതെ കാലുകൊണ്ട് പടം വരക്കുകയും പാട്ടുപാടി വൈറലായി മാറിയ പ്രണവിനെയും പട്ടുറുമാലിലൂടെ ശ്രദ്ധേയയായ ഹസ്‌ന എന്ന പെണ്‍കുട്ടിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.

തന്റെ മകന്റെ ചികിത്സയ്ക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയ സീരിയല്‍ സിനിമാ താരം സേതുലക്ഷ്മി, സ്വന്തം മകന്‍ മരണപെട്ടപ്പോള്‍ മരണത്തിന്റെ അന്ത്യ കര്‍മ്മ ചടങ്ങില്‍ മറ്റുള്ളവര്‍ ഈറനണിഞ്ഞപ്പോളും അവരെ ആശ്വാസവാക്കുകളോടെ പ്രസംഗം നടത്തിയ മറിയാമ്മ ടീച്ചറും ഈ സിനിമയില്‍ ഒരു ഗാനം എഴുതുന്നുണ്ട്. ഇതോടൊപ്പം തന്നെ രാജഹംസമേ എന്ന ഒറ്റ പാട്ടോടു കൂടി പ്രശ്‌സ്തയായ ഗായിക ചന്ദ്രലേഖ ഈ ചിത്രത്തില്‍ ഒരു ഗാനം പാടുന്നുണ്ട്.

ചന്ദ്രലേഖയോടൊപ്പം തന്നെ, യേശുദാസിന്റെ ശബ്ദം അനുകരിച്ചെന്നും പറഞ്ഞ് തഴയപ്പെട്ട ആകാശ മിഠായി എന്ന ചിത്രത്തിലെ അവിസ്മരണീയ ഗാനത്തിലൂടെ മലയാളികളുടെ ഇഷ്ട ഗായകനായ അഭിജിത്തും ചേര്‍ന്ന് മറിയാമ്മ ടീച്ചറുടെ ഗാനം ആലപിക്കും. കോട്ടയം ടൗണില്‍ ഗതാഗത കുരുക്കില്‍ വഴിമുടങ്ങിക്കിടന്ന ആംബുലന്‍സിന് വഴികാട്ടിയ പൊലീസ് സിവില്‍ ഓഫീസര്‍ രഞ്ജിത്ത് കുമാറിനും ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ ഒരു വേഷം കൂടി ചെയ്യുന്നുണ്ട്.

തെരഞ്ഞെടുക്കുന്നവര്‍ കൂടാതെ സിനിമ മേഖലയിലെ പ്രമുഖരും സിനിമയില്‍ അഭിനയിക്കും. തികച്ചും ജനാധിപത്യ രീതിയിലാണ് ഈ സിനിമ ചെയ്യുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തോപ്പില്‍ ജോപ്പന്‍ , ആടുപുലിയാട്ടം , കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച നൗഷാദ് ആലത്തൂര്‍ – ഹസീബ് ഹനീഫ് കൂട്ടുകെട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

DONT MISS
Top