മിന്നല്‍ ഹര്‍ത്താല്‍: ശശികല, ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍

കൊച്ചി: ശബരിമല കര്‍മ സമിതിയുടെ 13 നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ടി പി സെന്‍കുമാര്‍, കെ പി ശശികല, പി എസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് നടപടി. ജനുവരി 3ന് നടത്തിയ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് കേസ്.

മിന്നല്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണം, ഹര്‍ത്താലിലെ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. ജനുവരി 3 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1073 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എല്ലാ കേസുകളിലും നേതാക്കളെ പ്രതി ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

also read: ശബരിമല ഹര്‍ത്താല്‍: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 990 ലധികം കേസുകള്‍, കോടികളുടെ നാശനഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, ആര്‍എസ്എസ് സംസ്ഥാന നേതാവ് പി ഇ ബി മേനോന്‍, മുന്‍ കാലടി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ എസ് രാധാകൃഷണന്‍, മുന്‍ ഡിജിപി സെന്‍കുമാര്‍, കെ പി ശശികല, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ക്കതിരെയാണ് കേസെടുത്ത് മുന്നോട്ടു പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഹര്‍ത്താലില്‍ നേരിട്ട് ഇവര്‍ പങ്കെടുത്തിട്ടില്ലെങ്കിലും ഇവരുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍ നടപ്പായത്. അതു കൊണ്ട് തന്നെ സുപ്രിം കോടതി ഉത്തരവനുസരിച്ച് ആഹ്വാനം ചെയ്തവര്‍ക്ക് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

DONT MISS
Top