അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബു വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് കോടതി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്ക് തെളിയിക്കാമെന്നും കോടതി വ്യക്തമാക്കി.

ബാബുവിന് വരവിനേക്കാള്‍ 43% അധിക സ്വത്തുണ്ടെന്ന കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ നിരാകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ടിഎയും ഡിഎയും ഉള്‍പ്പടെയുള്ള വരുമാനം വിജിലന്‍സ് കണക്കാക്കിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ ബാബുവിന്റെ നീക്കം.

also read: അനധികൃത സ്വത്ത് സമ്പാദനം; കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം

കെ ബാബു വരവില്‍ കവിഞ്ഞ് 25 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്റെ കുറ്റപത്രം. എന്നാല്‍ യാത്രാചെലവായി ലഭിച്ച 40 ലക്ഷം രൂപ കണക്കാക്കാതെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കെ ബാബുവിന്റെ അഭിഭാഷകന്‍ വാദിച്ചു. കോടതി ഇന്ന് ഈ വാദം പരിഗണിച്ചില്ല. എംഎല്‍എ എന്ന നിലയ്ക്ക് കിട്ടിയ ആനൂകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദവും കോടതി അംഗീകരിച്ചില്ല. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ തെളിയിക്കാമെന്ന് കോടതി അറിയിച്ചു.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് വിജിലന്‍സിന്റെ ആരോപണം. ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കുറ്റപത്രം വായിച്ച ശേഷം കോടതി വിചാരണയിലേക്ക് കടക്കും.

DONT MISS
Top