തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി എല്‍ഡിഎഫ്

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകുകയാണ് എല്‍ഡിഎഫ്. തര്‍ക്കങ്ങളെ തുടര്‍ന്ന് എതിരാളികള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രചരണത്തിലൂടെ വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങാനാണ് ശ്രമം. മുതിര്‍ന്ന നേതാവ് പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ കൊലീബി സഖ്യത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ആരോപിച്ചു.

ഇതര മുന്നണികള്‍ക്ക് മുമ്പേതന്നെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലൂടെ പ്രചരണരംഗത്ത് മുന്നേറാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രചരണങ്ങള്‍ മണ്ഡലം കണ്‍വന്‍ഷനുകളിലൂടെ ഇതിനകം തന്നെ തുടങ്ങികഴിഞ്ഞു. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ മുന്‍തൂക്കമുള്ള വടകരയും കോഴിക്കോടും തിരിച്ചുപിടിക്കാനുള്ള പ്രചരണപരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നത്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ടിരുന്നു. ഇതോടെയാണ് പൊതുസമ്മതനായ എ പ്രദീപ് കൂമാര്‍ എംഎല്‍എയെ കൊഴിക്കോട് കൊണ്ടുവന്നത്. കരുത്തനായ പി ജയരാജന്‍ വടകരയില്‍ എത്തുമ്പോള്‍ പാര്‍ട്ടി സംവിധാനങ്ങള്‍ കാര്യക്ഷമമാകുമെന്നത് എതിരാളികളില്‍ പോലും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഇത് പരാമവധി ഉപയോഗപ്പെടുത്തുകയെന്ന തന്ത്രമാണ് വടകര മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്.

also read: അപവാദ പ്രചരണം നടത്തി രാഷ്ട്രീയ എതിരാളികളെ താറടിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്: എന്‍കെ പ്രേമചന്ദ്രന്‍

വടകരയില്‍ കോലീബി സഖ്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന പരാമര്‍ശം പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ നിന്നും പ്രതിപക്ഷത്തെ പിന്തിരിപ്പിക്കും. ഇതിലൂടെ എതിര്‍വോട്ടുകള്‍ കേന്ദ്രീകരിക്കുന്നത് തടയാന്‍ കഴിയുമെന്നും സിപിഐഎം കരുതുന്നുണ്ട്. ഇതിന് പുറമെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ തയ്യാറാകാത്തത് പരാജയഭീതിമൂലമാണെന്നും കോടിയേരി പരിഹസിച്ചു. അതേസമയം പി ജയരാജന്‍ വടകരയില്‍ പരാജയപ്പെടാതിരിക്കുകയെന്നത് സംസ്ഥാന നേതൃത്വത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.

DONT MISS
Top