‘കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റേയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍’; കുമ്മനം രാജശേഖരന്റെ കാപട്യങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി നടപ്പിലാക്കേണ്ടെന്ന കുമ്മനം രാജേശേഖരന്റെ നിലപാടിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. സോഷ്യല്‍ മീഡിയയിലെ സംഘിഹീറോകളായ കേശവന്‍ മാമന്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് കുമ്മനം ചിന്തിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമല പ്രശ്‌നത്തില്‍ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരന്‍ രേഖപ്പെടുത്തുന്നത്. അഞ്ചുവര്‍ഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങളുയര്‍ത്തി സംവാദത്തിനു വെല്ലുവിളിക്കാനുള്ള ത്രാണി ബിജെപിയുടെ നേതാക്കള്‍ക്കില്ല എന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ തോമസ് ഐസക് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാള്‍ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല. മത്സരിക്കുന്നതിനു മുമ്പേ പരാജയം സമ്മതിക്കുകയാണ് ബിജെപി എന്നും ഐസക് പറഞ്ഞു.

also read: ‘നോട്ടുനിരോധനം ചപലബുദ്ധിയായ ഭരണാധികാരിയുടെ ഭ്രാന്തന്‍ നടപടി’; ലോകചരിത്രത്തിലെ ആ പമ്പരവിഡ്ഢിത്തം വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്ന് തോമസ് ഐസക്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ശബരിമല പ്രശ്നത്തിൽ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരൻ രേഖപ്പെടുത്തുന്നത്. അഞ്ചുവർഷത്തെ മോദി ഭരണത്തിൻ്റെ നേട്ടങ്ങളുയർത്തി സംവാദത്തിനു വെല്ലുവിളിക്കാനുള്ള ത്രാണി ബിജെപിയുടെ നേതാക്കൾക്കില്ല. ആ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാൾ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല. മത്സരിക്കുന്നതിനു മുമ്പേ പരാജയം സമ്മതിക്കുകയാണ് ബിജെപി.

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞെന്നാണ് മനോരമയുടെ റിപ്പോർട്ട്. അങ്ങനെ പറഞ്ഞെങ്കിൽ, സോഷ്യൽ മീഡിയയിലെ സംഘിഹീറോകളായ കേശവൻ മാമൻ്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് നിർഭാഗ്യവശാൽ അദ്ദേഹം ചിന്തിക്കുന്നത്. മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ല എന്ന ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശത്തെക്കുറിച്ച് സാധാരണ നിലയിൽ ഒരു ഭരണഘടനാപദവിയിലിരുന്ന ആൾക്ക് സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ സംഘടിപ്പിച്ചു വായിച്ചു നോക്കിയാൽ മതിയാകും. അതവിടെ നിൽക്കട്ടെ.

എന്തൊക്കെ വീരവാദങ്ങളാണ് 2014ൽ മോദി മുഴക്കിയതെന്ന് കുമ്മനം രാജശേഖരന് ഓർമ്മയുണ്ടോ? തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്താണ് അതിൻ്റെ പുരോഗതി? എത്രപേർക്ക് കേന്ദ്രസർക്കാർ തൊഴിൽ നൽകി? ഇക്കാര്യത്തിൽ ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?

കാർഷികമേഖലയ്ക്ക് മുൻഗണന നൽകുമെന്നും കർഷകർക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്നും മോദി ഉറപ്പു നൽകിയിരുന്നു. എന്നാൽ യാഥാർത്ഥ്യമെന്താണ്? രാജ്യത്തെ ഇളക്കി മറിച്ച കർഷകരുടെ പ്രതിഷേധ മാർച്ചുകൾ മോദി ഭരണകാലത്താണ് നടന്നത്. ഒരു നേട്ടവും കർഷകർക്കോ കാർഷിക മേഖലയ്ക്കോ ഉണ്ടായിട്ടില്ല. മറിച്ച് അവരുടെ ജീവിതം കൂടുതൽ ദുരിതമയമായി മാറുകയാണുണ്ടായത്. മോദി ഭരണത്തിൽ കാർഷികമേഖലയ്ക്കുണ്ടായ പുരോഗതിയെക്കുറിച്ച് ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?

ഗംഗാ നദി ശുദ്ധീകരിക്കാൻ മൂന്ന് ബില്യൺ ഡോളറിൻ്റെ പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്തായി ആ പദ്ധതി? മോദി അധ്യക്ഷനായ നാഷണൽ ഗംഗാ കൌൺസിൽ ഒരു ദിവസം പോലും യോഗം ചേർന്നിട്ടില്ല എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. നദീശുചീകരണത്തിലും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, സമീപപ്രദേശത്തെ വീടുകളിലെ ടോയ്ലെറ്റ് നിർമ്മാണം എന്നിവയിലും കാണിക്കുന്ന കുറ്റകരമായ കാലതാമസത്തിൻ്റെ പേരിൽ സിഎജിയുടെ ശക്തമായ ശാസന ഏറ്റുവാങ്ങിയിട്ടും മോദിയ്ക്ക് ഒരു കുലുക്കവുമില്ല. മോദി സർക്കാരിൻ്റെ കാലത്ത് ഗംഗാ നദിയുടെ ശുചീകരണത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?

മറക്കാനാവുമോ നോട്ടുനിരോധനം? കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും വ്യാജ നോട്ടുകൾ സമ്പൂർണമായി നിഷ്കാസനം ചെയ്യാനും ഭീകരത തുടച്ചുനീക്കാനുമുള്ള ഒറ്റമൂലിയായാണ് മോദിയും ബിജെപിയും നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ എന്തുനേടിയെന്ന് പരസ്യമായി ചർച്ച ചെയ്യാൻ കുമ്മനം രാജശേഖരൻ മുന്നോട്ടു വരുമോ?

നൂറു സ്മാർട് സിറ്റികൾ, ഗ്രാമങ്ങളുടെ വൈദ്യുതീകരണം, തുടങ്ങി പ്രകടനപത്രികയിലും പൊതുയോഗങ്ങളിലുമായി നടത്തിയ വീമ്പടികളുടെ പ്രോഗ്രസ് റിപ്പോർട്ടല്ലേ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന അധ്യക്ഷനും ആ പാർടിയുടെ നോമിനിയായി ഗവർണർ പദവി കരസ്ഥമാക്കുകയും ചെയ്ത കുമ്മനം രാജശേഖരൻ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത്.

തിരഞ്ഞെടുപ്പുകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും ഗൌരവത്തിലെടുക്കുമോ എന്ന പരിഹാസ്യമായ ചോദ്യം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയാണ് എന്ന കാര്യം കൂടി കുമ്മനം രാജശേഖരനെ ഓർമ്മിപ്പിക്കുന്നു. വോട്ടു നേടാൻ എന്തുപറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന ശ്രീധരൻ പിള്ളയുടെ അഭിപ്രായത്തോട് കുമ്മനം രാജശേഖരൻ യോജിക്കുന്നുണ്ടോ എന്ന കാര്യവും പരസ്യസംവാദത്തിനു വിഷയമാകേണ്ടതല്ലേ?

കേരളത്തെ സംബന്ധിച്ചാണെങ്കിൽ ചർച്ച ചെയ്യാൻ വേറെയുമുണ്ട് വിഷയങ്ങൾ. പ്രളയകാലത്ത് കേരളത്തോടു ബിജെപി കാണിച്ച വിവേചനവും കൊടുംദ്രോഹവും ചർച്ച ചെയ്യാൻ കുമ്മനം രാജശേഖരനു ധൈര്യമുണ്ടോ? ആപദ്കാലത്ത് സുഹൃദ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം നിഷേധിക്കാൻ നടത്തിയ ഇടപെടലിനെക്കുറിച്ച്? സഹായം തേടി പ്രവാസി മലയാളികളെ സമീപിക്കാൻ മന്ത്രിമാരെ അനുവദിക്കാത്തതിനെക്കുറിച്ച്? പുനർനിർമ്മാണത്തിനുവേണ്ടി വാർഷിക വായ്പാപരിധിക്ക് പുറത്ത് വായ്പ എടുക്കാൻ അനുവാദം നിഷേധിച്ചതിനെക്കുറിച്ച്? ലോകബാങ്കിൽ നിന്നും എ.ഡി.ബി.യിൽ നിന്നും ഈ ഇനത്തിൽ എടുക്കുന്ന വായ്പ സാധാരണഗതിയിൽ അനുവദിക്കുന്ന വായ്പ തുകയിൽ ഉൾപ്പെടുത്തണം എന്നു വാശിപിടിച്ചതിനെക്കുറിച്ച്?

പ്രളയക്കെടുതികളിൽ നിന്ന് കരകയറാൻ കേരളത്തിന് അധികമായി ഒരു പണവും ലഭിക്കുകയില്ല എന്നുറപ്പാക്കാൻ അധികാരത്തിൻ്റെ ദുസ്വാധീനം ക്രൂരമായി പ്രയോഗിച്ച കേന്ദ്രസർക്കാരിനെ ഈ തെരഞ്ഞെടുപ്പിൽ ഓരോ മലയാളിയും വിചാരണ ചെയ്യുകതന്നെ ചെയ്യും. ആത്മബലമുണ്ടെങ്കിൽ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാകുന്ന ഒരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാൻ കുമ്മനം രാജശേഖരൻ തയ്യാറാകണം.

ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. മർമ്മപ്രധാനമായ ഈ വിഷയങ്ങൾ ശബരിമലയിലെ സുപ്രിംകോടതി വിധി ഉപയോഗിച്ച് മറച്ചു പിടിക്കാമെന്ന വ്യാമോഹം നടക്കാൻ പോകുന്നില്ല. മോദിയുടെ ഭരണപരാജയവും കേന്ദ്രസർക്കാരിൻ്റെ കഴിവുകേടും സംഘപരിവാറിൻ്റെ വർഗീയ അജണ്ടകളുമൊക്കെ ശബരിമലയെന്ന ഒറ്റമൂലികൊണ്ട് പൊതുചർച്ചയിൽ നിന്ന് മാറ്റി നിർത്താമെന്ന് ആഗ്രഹിക്കുന്നവർ യാഥാർത്ഥ്യത്തിൻ്റെ ഉച്ചവെയിലിൽ വിയർത്തു കുളിക്കുന്ന കാഴ്ച കേരളം കാണും.

DONT MISS
Top