അതിരപ്പിള്ളി വന മേഖലയില്‍ വരള്‍ച്ച രൂക്ഷം

അതിരപ്പിള്ളി വന മേഖലയില്‍ വരള്‍ച്ച രൂക്ഷം. വന പ്രദേശം വരള്‍ച്ചയിലമര്‍ന്നതോടെ കാട്ടരുവികളും ചോലകളും കുളങ്ങളും വറ്റി. കാട്ടില്‍ വെള്ളം കിട്ടാതായതോടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുകയാണ്. കാട്ടാനകളുടെ ആക്രമണം നിത്യ സംഭവം ആയതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍.

കൊടും വേനലില്‍ അടിക്കാട് ഉള്‍പ്പെടെ ഉണങ്ങിയതോടെ അതിരപ്പള്ളി അടക്കമുള്ള മലയോര മേഖലയില്‍ വന്യ മൃഗാക്രമണം അതിരൂക്ഷമായി. വാഴകളും തെങ്ങുകളും കൈതച്ചക്കകളും കവുങ്ങുകളും പ്ലാന്റേഷന്‍ തോട്ടത്തിലെ എണ്ണപ്പനകളും കാട്ടാനകള്‍ നശിപ്പിക്കുന്നത് നിത്യ സംഭവമാവുകയാണ്. രണ്ടു മാസത്തിനുള്ളില്‍ ആതിരപ്പള്ളി പ്രദേശത്ത് മാത്രംനടന്നത് ഇരുപതിലേറെ വന്യമൃഗാക്രമണം ആണ്. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചതിനെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പതിനഞ്ചോളം അപേക്ഷകളാണ് ഈ മേഖലയില്‍ നിന്ന് വനം വകുപ്പിന് ലഭിച്ചിരിക്കുന്നത്. തുമ്പൂര്‍മുഴി വഴി ചിക്ലായി വരെയുള്ള ഭാഗങ്ങളിലും പ്ലാന്റേഷന്‍ റോഡിലും പിള്ളപ്പാറ, അതിരപ്പിള്ളി ഭാഗങ്ങളില്‍ റോഡിലും കാട്ടാനക്കൂട്ടം സ്ഥിരം സാനിദ്ധ്യമാണ്.പകല്‍ സമയത്തും ഈ മേഖലയില്‍ പുഴയില്‍ നിന്ന് വെള്ളം കുടിക്കാനെത്തുന്ന മ്ലാവുകളെയും കാട്ടുപന്നികളും സ്ഥിരം കാഴ്ചയാണ്.

also read: പ്രളയത്തിനുശേഷം വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ഭൗമശാസ്ത്രവിദഗ്ധര്‍

ആനമല റോഡിലൂടെ രാത്രി യാത്രകളില്‍ അപകട സാധ്യതയും ഏറെയാണ്. മ്ലാവുകളും, പന്നികളും വന്ന് ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു അപകടം ഉണ്ടാകുന്നതും പതിവായി. കഴിഞ്ഞ ദിവസം പ്ലാന്റേഷന്‍ റോഡില്‍ ആനക്കൂട്ടം എണ്ണപ്പനമരം മറിച്ചിട്ടതിനാല്‍ പ്രദേശത്തെ വാഹന ഗതാഗതം മുടങ്ങിയിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ ആണ് തുമ്പൂര്‍മുഴി മേഖലയില്‍ കാട്ടാനശല്യം ഇത്രയും രൂക്ഷമാകുന്നത്.തുടര്‍ച്ചയായ വന്യമൃഗാക്രമണം തടയാനാകാതെ വനപാലകരും നിസ്സഹായരാണ്.വനത്തില്‍ വിവിധ ഭാഗങ്ങളില്‍ വലിയ കുളങ്ങള്‍ നിര്‍മിച്ചാല്‍ വന്യ മൃഗങ്ങള്‍ വെള്ളത്തിനായി കാടിറങ്ങുന്നത് ഒരു പരിധി വരെ കുറയ്ക്കാനാകും.

DONT MISS
Top