കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും; ഗുജറാത്തില്‍ നിര്‍ണായക യോഗം നടക്കുന്നത് 58 വര്‍ഷത്തിനു ശേഷം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേരും. പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ പ്രധാന ചര്‍ച്ച വിഷയം. പ്രവര്‍ത്തക സമിതിയിലെ അംഗങ്ങള്‍ സബര്‍മതി ആശ്രമത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് യോഗം ആരംഭിക്കുക. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകത്തില്‍ നടക്കുന്ന യോഗം ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കും.

58 വര്‍ഷത്തിന് ശേഷം ആണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. 1961 ല്‍ ഭാവ്‌നഗറില്‍ ആണ് ഇതിന് മുമ്പ് ഗുജറാത്തില്‍ പ്രവര്‍ത്തക സമിതി ചേര്‍ന്നത്. വൈകിട്ട് ഗാന്ധിനഗറിലെ അടല്ജില്‍ നടക്കുന്ന റാലിയിലും പൊതു സമ്മേളനത്തിലും രാഹുല്‍ ഗാന്ധിയും പ്രീയങ്ക ഗാന്ധിയും പങ്കെടുക്കും.

പ്രിയങ്ക ഗാന്ധി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശേഷം പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു പരിപാടി ആണ് ഗുജറാത്തിലേത്.

DONT MISS
Top