കണ്ണുംപൂട്ടി സ്റ്റംപ് ചെയ്താല്‍ ധോണിയാകുമോ? ഋഷഭ് പന്തിനെതിരെ പരിഹാസം രൂക്ഷം

മൊഹാലി: കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്ക്ക് എതിരായി നടന്ന നാലാം ഏകദിനത്തില്‍ ഋഷഭ് പന്തിന്റെ ഭാഗത്തുനിന്നുണ്ടായ ചില പിഴവുകള്‍ സോഷ്യല്‍ മീഡിയയുടെ രൂക്ഷ പരിഹാസത്തിന് കാരണമാകുന്നു. എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെയാണ് പന്തിന് അവസരം ലഭിച്ചത്. എന്നാല്‍ പന്ത് പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല.

39-ാം ഓവറില്‍ കയറിക്കളിച്ച ഹാന്‍ഡ്‌സ്‌കോംബിന് പന്ത് ജീവന്‍ നല്‍കി. ഒരൊന്നാന്തരം സ്റ്റംപിംഗ് അവസരമാണ് പന്ത് കളഞ്ഞുകുളിച്ചത്. ബോള്‍ ചെയ്ത കുല്‍ദീപ് യാദവിന്റെ മുഖത്ത് കനത്ത നിരാശ തെളിഞ്ഞുകണ്ടു. അര്‍ദ്ധാവസരങ്ങള്‍ പോലും മുതലാക്കുന്ന ധോണിയുടെ സ്ഥാനത്തുനിന്നാണ് പന്ത് ഇത്തരം അശ്രദ്ധ കാട്ടിയത്.

എന്നാല്‍ പിന്നീട് 44-ാം ഓവറില്‍ പന്തിന്റെ ഭാഗത്തുനിന്നുണ്ടായ വിചിത്രമായ ചെയ്തി ഏവരേയും അമ്പരപ്പിച്ചു. ധോണി ചെയ്ത് ഞെട്ടിക്കാറുളള ഒരു നമ്പര്‍ പന്ത് ചെയ്തപ്പോള്‍ പാളി. ബോള്‍ കയ്യിലെത്തിക്കഴിഞ്ഞ് തിരിഞ്ഞുനോക്കാതെ പിന്നിലേക്കെറിഞ്ഞ് ബെയ്ല്‍ തെറിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്. ധോണിക്കുപോലും പാളിപ്പോകാറുളള ഈ കണ്ണുംപൂട്ടിയേറ് ലക്ഷ്യത്തില്‍ എത്താതിരുന്നപ്പോള്‍ കോലിയും നിരാശ പ്രകടമാക്കി.

മൊഹാലിയിലെ ആരാധകര്‍ നിരന്തരം ധോണിവിളികളും കൂവലുമായി പന്തിന്റെ ആത്മവിശ്വാസം കളഞ്ഞിരുന്നു എന്നത് വേറെകാര്യം. സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിഹാസങ്ങള്‍ക്കും കണക്കില്ല. നാലാം ഏകദിനം മാത്രം കളിക്കുന്ന 21 വയസ് മാത്രം പ്രായമുള്ള പന്തിന് ഇനിയും തെളിയിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കാന്‍ സാധിക്കുമോ എന്നുമാത്രമാണ് നോക്കാനുള്ളത്.

DONT MISS
Top