ഐലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്; ആവേശപ്പോരാട്ടത്തില്‍ വിജയം കൈവിട്ട് പഞ്ചാബ്

കോയമ്പത്തൂര്‍: ഐലീഗ് കിരീടം ചെന്നൈ എഫ്‌സി സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിനര്‍വ പഞ്ചാബിനെ ചെന്നൈ സിറ്റി പരാജയപ്പെടുത്തിയത്. സീസണിലെ 13-ാം ജയം കുറിച്ച ചെന്നൈ സിറ്റി 43 പോയന്റുമായിട്ടാണ് അവസാന കളിയിലും ഒന്നാം സ്ഥാനത്ത് എത്തിയത്.

കളി ആരംഭിച്ചപ്പോള്‍ത്തന്നെ ഗോള്‍ നേടിയ മിനര്‍വ മത്സരം കയ്യടക്കുമെന്ന തോന്നലുണ്ടായി. ചെന്നൈ സിറ്റി പല അവസരങ്ങളും സൃഷ്ടിച്ചെങ്കിലും പിന്നീട് ആദ്യപകുതിയില്‍ ഗോളുകള്‍ പിറന്നതുമില്ല. എന്നാല്‍ രണ്ടാം പാതിയില്‍ ഉണര്‍ന്നുകളിച്ച ചെന്നൈ മൂന്ന് ഗോളുകള്‍ നേടി.

ഗൗരബ് ബോറയുടെ ഇരട്ട ഗോളുകളാണ് ചെന്നൈ കപ്പ് നേടിയതില്‍ നിര്‍ണായകമായത്. 56-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി മുതലെടുക്കാനായത് ചെന്നൈക്ക് ആത്മവിശ്വാസം പകര്‍ന്നു. പിന്നീട് 69-ാം മിനുട്ടില്‍ ബോറ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിലും ബോറ ഗോള്‍ കണ്ടെത്തിയതോടെ മിനര്‍വ ചാമ്പ്യന്‍ മോഹം കൈവിട്ടു.

ചാമ്പ്യന്‍ പട്ടത്തിന്റെ പ്രതീക്ഷയോടെ അവസാന കളിക്കിറങ്ങിയ ഈസ്റ്റ് ബംഗാളും വിജയിച്ചെങ്കിലും 42 പോയന്റുമായി ചെന്നൈ സിറ്റിയുടെ തൊട്ടുപിന്നിലായി. കോഴിക്കോട് നടന്ന മത്സരത്തില്‍ ഗോകുലം കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്. സീസണിലെ ഒമ്പതാം തോല്‍വിയാണ് ഗോകുലത്തിന്റേത്. തരംതാഴ്ത്തലില്‍നിന്ന് കഷ്ടിച്ചാണ് ഗോകുലം രക്ഷപെട്ടത്.

DONT MISS
Top