എട്ടു ലക്ഷം യൂറോയുടെ അപ്പാര്‍ട്ട്‌മെന്റും വജ്രവ്യാപാരവും; വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനില്‍ ആഡംബര ജീവിതം നടത്തുന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബ്രിട്ടീഷ് ദിനപത്രം

പതിമൂവായിരം കോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി ലണ്ടനിലുണ്ടെന്ന് സ്ഥിരീകരണം. പുതിയ ലുക്കില്‍ ലണ്ടനില്‍ ആഡംബര ജീവിതം നയിക്കുന്ന മോദിയുടെ വീഡിയോ ബ്രിട്ടീഷ് ദിനപത്രമായ ടെലിഗ്രാഫ് പുറത്ത് വിട്ടു. കാവല്‍ക്കാരന്‍ എന്നവകാശപ്പെടുന്ന നരേന്ദ്ര മോഡി ചങ്ങാതികളെ സഹായിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇന്ത്യയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് മുങ്ങിയ നീരവ് മോഡി ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ സുഖ ജീവിതത്തിലാണ്. എട്ടു ലക്ഷം യൂറോയുടെ അപ്പാര്‍ട്ട്‌മെന്റ്. പുതിയ വജ്രവ്യാപാരം. ഓണലൈന്‍ ബാങ്ക് ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ രേഖകള്‍. വളര്‍ത്തു നായയുമായി വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള പതിവ് നടത്തം. ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇന്ത്യയിലെ പിടികിട്ടാപുള്ളിയുടെ സുഖജീവിതത്തിന്റെ വിവരങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തു വിട്ടത്.

തെരുവില്‍ പിന്തുടര്‍ന്നു ചെന്നു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഇല്ലെന്ന മറുപടി മാത്രം. ദൃശ്യങ്ങളിലുള്ള നീരവ് മോദി ധരിച്ചിരിക്കുന്ന ഒട്ടക പക്ഷിയുടെ തൊലികൊണ്ടുള്ള കോട്ടിന്റെ വില ഒന്‍പത് ലക്ഷം രൂപയോളമാണ്. ഇന്ത്യയില്‍ എത്തിക്കാതെ നീരവ് മോദിയെ സഹായിക്കുന്നത് നരേന്ദ്രമോഡിയാണെന്ന ആരോണവുമായി പ്രതിപക്ഷം രംഗത്തെത്തി.

സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്ന രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ ഇത് പ്രചാരണ ആയുധമാക്കുമെന്ന് ഉറപ്പായി. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നീരവ് മോദിയെ വിട്ടു കിട്ടാന്‍ ഇന്ത്യ നല്‍കിയ അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയിലാണ്. ആവര്‍ത്തിച്ചു സന്ദേശങ്ങള്‍ അയച്ചിട്ടും ബ്രിട്ടനില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ വിശദീകരണം.

DONT MISS
Top