“മോഹന്‍ലാലിനെ കാരവാനില്‍ വച്ചല്ല കാണേണ്ടത്, അഭിനയിക്കുന്നത് കാണണം, കണ്ടുപഠിക്കണം”, ‘കുഞ്ഞാലിമരയ്ക്കാരുടെ’ സെറ്റില്‍ വിജയ് സേതുപതിയെത്തി

മോഹന്‍ലാലിനെ കാണാന്‍ കുഞ്ഞാലി മരയ്ക്കാരുടെ സെറ്റില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തി. രാമോജി ഫിലിം സിറ്റിയില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നുവെന്നറിഞ്ഞാണ് വിജയ് സേതുപതി കാണാനെത്തിയത്. കാരവനില്‍വച്ച് കാണാം എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പറഞ്ഞുവെങ്കിലും മോഹന്‍ലാല്‍ അഭിനയിക്കുന്നതാണ് കാണേണ്ടത് എന്ന് വിജയ് സേതുപതി പറഞ്ഞു. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് താഴെ വായിക്കാം.

മക്കള്‍ സെല്‍വനോടൊപ്പം.

ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നില്‍ക്കുമ്പോള്‍, ഒരു കാര്‍ എന്നെയും കടന്നു മുന്നോട്ടു പോയി. നോക്കുമ്പോള്‍ ആ കാര്‍ റിവേഴ്‌സ് വരുന്നു. കാറില്‍ നിന്നിറങ്ങി വന്നത് ഫൈറ്റ് മാസ്റ്റര്‍ അനല്‍ അരസ്സ്. അനലുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത ഒരു പടത്തില്‍ ആണ് അനല്‍ സ്വതന്ത്ര മാസ്റ്റര്‍ ആകുന്നത്.’മത്സരം’. അതില്‍ പീറ്റര്‍ ഹൈന്‍ ആയിരുന്നു മാസ്റ്റര്‍. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോള്‍ അസിസ്റ്റന്റ് ആയ അനലിനെ പടം ഏല്‍പ്പിച്ചു പീറ്റര്‍ മാസ്റ്റര്‍ പോയി. അനല്‍ തന്റെ ജോലി നന്നായി പൂര്‍ത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച’പുതിയമുഖം’ ആണ് അനലിനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോള്‍ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നന്‍ ആണ് അനല്‍. വിജയ്‌സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റര്‍ എത്തിയിരിക്കുന്നത്. മാസ്റ്റര്‍ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്‌സേതുപതിയെ പരിചയപ്പെടുത്തി.

ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട് ആണ് നടക്കുന്നതെന്നറിഞ്ഞപ്പോള്‍ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാര്‍, നാന്‍ അവരുടെ പെരിയഫാന്‍. അതിനെന്താ നമുക്ക് പോകാം. ലാലേട്ടന്‍ ഇപ്പോള്‍ ഫ്രീ ആണ് കാരവാനില്‍ ഉണ്ട്. എനിക്ക് കാരവാനില്‍ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം. അത് കണ്ടു പഠിക്കണം. അഭിനയത്തിന്റെ സര്‍വകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നി. വിജയ് സേതുപതിയോട് ആദരവും. പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയില്‍ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഒരു നടന്‍. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നില്‍ക്കുമ്പോള്‍.

വൈകീട്ട് അദ്ദേഹം സെറ്റില്‍ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്. നേരിട്ടും പ്രിയദര്‍ശന്‍ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും. മറ്റു ഭാഷകളിലെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു അഭിനേതാവ് നമ്മുടെ ഭാഷയില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.

DONT MISS
Top