ഇന്ത്യക്കുള്ള വാണിജ്യ മുന്‍ഗണന അവസാനിപ്പിക്കുമെന്ന് ട്രംപ്

വാഷിംങ്ടണ്‍: ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തതിനാല്‍ ഇന്ത്യക്കുള്ള വാണിജ്യ മുന്‍ഗണന അമേരിക്ക അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നികുതിയില്ലാതെ 5.6 ലക്ഷം കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പൊതു മുന്‍ഗണന പ്രകാരം ഇന്ത്യക്ക് നല്‍കിയ പ്രത്യേക സ്ഥാനമാണ് അമേരിക്ക ഉപേക്ഷിക്കുന്നത്.

യുഎസും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ നല്ല രീതിയില്‍ മുന്നോട്ടുപോയ വാണിജ്യബന്ധത്തിനൊടുവിലും ഇന്ത്യന്‍ വിപണിയില്‍ ന്യായമായ ഇടപെടല്‍ നടത്താന്‍ അമേരിക്കയ്ക്ക് അവസരം ലഭിക്കുന്നില്ലെന്നതാണ് താന്‍ ഈ നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് ജനപ്രതിനിധി സഭാംഗങ്ങള്‍ക്കുള്ള കത്തില്‍ ട്രംപ് പറഞ്ഞു. ജനപ്രതിനിധി സഭയ്ക്കും ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കുന്ന അറിയിപ്പിനുംശേഷം 60 ദിവസം കഴിഞ്ഞേ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ. ജിഎസ്പി പരിപാടിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ. ട്രംപ് അധികാരമേറ്റതിനുശേഷം ഇന്ത്യക്കെതിരായെടുക്കുന്ന ശക്തമായ നടപടിയാണിത്.

ഇന്ത്യയില്‍ പുതിയ ഇ കൊമേഴ്‌സ് നിയമങ്ങള്‍ പുറത്തിറങ്ങിയതിനുശേഷം യുഎസ്-ഇന്ത്യ വ്യാപാരബന്ധത്തിന് കോട്ടം തട്ടിയിരുന്നു. ആമസോണ്‍.കോം, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവയ്ക്ക് ഇത് പ്രകാരം നിയന്ത്രണമുണ്ടായി. 120 മറ്റു രാജ്യങ്ങളും അമേരിക്കയുടെ വ്യാപാര മുന്‍ഗണനാ ആനുകൂല്യത്തിന്റെ ഉപയോക്തക്കളാണ്.

DONT MISS
Top