സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുന്നു; ഔദ്യോഗിക പ്രഖ്യാപനം ഒമ്പതിന്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുന്നു. മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒമ്പതിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. എംഎല്‍എമാരില്‍ വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍, എ എം ആരിഫ് എന്നിവര്‍ ജനവിധി തേടും. വടകരയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാനാണ് മണ്ഡലം കമ്മിറ്റിയിലുണ്ടായ പൊതുധാരണ.

ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ 16 ലോക്‌സഭാ മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നത് ഉറപ്പായി കഴിഞ്ഞു. സിറ്റിംഗ് എംപിമാരില്‍ ആറ് പേര്‍ വീണ്ടും മത്സരിക്കുന്നതിനു പുറമെ വിജയ സാധ്യത പരിഗണിച്ച് എംഎല്‍എമാരെ കൂടി രംഗത്തിറക്കിയുള്ള പരീക്ഷണത്തിനാണ് പാര്‍ട്ടി മുതിരുന്നത്. കാസര്‍ഗോഡ് കെ ബി സതീഷ് ചന്ദ്രന്‍ മത്സരിക്കാനിറങ്ങുന്നതിനോടാണ് മണ്ഡലം കമ്മിക്കും താല്‍പര്യം.

കണ്ണൂരില്‍ പി കെ ശ്രീമതി, ആറ്റിങ്ങലില്‍ എ സമ്പത്ത്, ആലത്തൂരില്‍ പി കെ ബിജു, പാലക്കാട് എം ബി രാജേഷ്, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് എന്നിവരും ഇത്തവണയും മത്സര രംഗത്തുണ്ടാകും. ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ മണ്ഡലം കമ്മിറ്റി വിയോജിപ്പ് അറിയിച്ചുവെന്നാണ് സൂചന. കോഴിക്കോട് എ പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എ എം ആരിഫ്, പത്തനംതിട്ടയില്‍ വീണ ജോര്‍ജ് എന്നിവരാണ് മത്സരരംഗത്തുള്ള നിയമസഭാ സാമാജികര്‍. കോട്ടയത്ത് പറഞ്ഞ് കേട്ടിരുന്ന പഴയ പേരുകള്‍ക്ക് പകരം ജില്ലാ സെക്രട്ടറി വി എന്‍ വാസവനാണ് നിലവില്‍ സാധ്യത കല്‍പിക്കപ്പെടുന്നത്.

DONT MISS
Top