ഹൈദരാബാദില്‍ ഇന്ത്യയെ ബൗളര്‍മാര്‍ തുണച്ചു, ഉജ്വല വിജയം


ബൗളര്‍മാര്‍ അരങ്ങുവാണ ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ മികച്ച വിജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

50 ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ 236 റണ്‍സെടുത്തത്. ഖവാജ 76 പന്തില്‍ 50 റണ്‍സ് നേടി. 53 പന്തില്‍ ഇഴഞ്ഞ് 37 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസും 51 പന്തില്‍ 40 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസിന്റെ മറ്റ് ടോപ് സ്‌കോറര്‍മാര്‍.

മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ മുന്‍തൂക്കം നേടിക്കൊടുത്തത്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ബുംമ്ര എന്നിവര്‍ രണ്ടുവിക്കറ്റുവീതം നേടി. കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരവസരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ ഇവിടെനിന്നും കേദാര്‍ ജാദവും ധോണിയും ചേര്‍ന്ന് കെട്ടിപ്പടുത്ത കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായി. 149 പന്തില്‍ 141 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

87 പന്തില്‍നിന്ന് ജാദവ് 81 റണ്‍സും ധോണി 72 റണ്‍സില്‍നിന്ന് 59 റണ്‍സും നേടി. 45 പന്തില്‍നിന്ന് 44 റണ്‍സെടുത്ത കോലിയും 66 പന്തില്‍നിന്ന് 37 റണ്‍സ് നേടിയ രോഹിത് ശര്‍മയും സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി.

DONT MISS
Top