“ഒരു വര്‍ഷം ആ സിനിമയ്ക്കു വേണ്ടി ജോലി ചെയ്തിട്ടും കാരണം പറയാതെ പുറത്താക്കി, സിനിമയില്‍ താങ്ക്‌സ് കാര്‍ഡില്‍ മാത്രം പേരൊതുക്കി, എന്തിനാണ് എനിക്ക് ആ നന്ദി?”, കമ്മാര സംഭവത്തിന്റെ ആദ്യ കലാസംവിധായകന്‍ മനു ജഗത്

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മികച്ച കലാസംവിധാനത്തിനുള്ള പുരസ്‌കാരം ലഭിച്ച’കമ്മാരസംഭവ’ത്തിലെ യഥാര്‍ത്ഥ കലാസംവിധായകന്‍ ആരായിരുന്നു അല്ലെങ്കില്‍ ആരൊക്കെയാണ്‌ എന്നതിനെച്ചൊല്ലി സംശയങ്ങളുയരുന്നു. കമ്മാര സംഭവം എന്ന ചിത്രത്തിനു വേണ്ടി ഒരു വര്‍ഷത്തിലേറെ ജോലി ചെയ്ത തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി കലാസംവിധായകന്‍ മനു ജഗത് ആണ് രംഗത്തെത്തിയിരിക്കുന്നത്.

മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിരിക്കുന്നത് വിനീഷ് ബംഗ്ലാല്‍ ആണ്. കമ്മാരസംഭവം എന്ന ചിത്രത്തിലെ കലാസംവിധാനമാണ് വിനീഷിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഒരു വര്‍ഷത്തിലേറെ താന്‍ ആ സിനിമയ്ക്കു വേണ്ടി ജോലി ചെയ്തുവെന്നാണ് മനു ജഗത് പറയുന്നത്. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ഒഴിവാക്കിയ ശേഷവും താന്‍ തയ്യാറാക്കിയ സ്‌കെച്ച് ഉപയോഗിച്ച് തന്നെയാണ് അവര്‍ സിനിമ പൂര്‍ത്തിയാക്കിയതെന്നും മനു ജഗത് ആരോപിക്കുന്നു.

“കാരക്കുടിയും പഴനിയുമാണ് ചിത്രീകരണത്തിനായി സംവിധായകന്‍ തീരുമാനിച്ചത്. പക്ഷേ കാരക്കുടിയിലെ കെട്ടിടത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാലും മറ്റ് ചില വഴികളിലൂടെ വേണമെങ്കില്‍ ചിത്രീകരണം നടത്താം. അതേ വീടിന്റെ ഇന്റീരിയര്‍ ചെയ്യണമെങ്കില്‍ പഴനിയില്‍ വരണമായിരുന്നു. ഇവിടെ രണ്ടിടത്തുമായി ചിത്രീകരിക്കണമെങ്കില്‍ വലിയ ചെലവാണ്. അങ്ങനെയിരിക്കെ മറ്റൊരു വീട് ചേര്‍ത്തലയില്‍ കണ്ടു. കമ്മാരസംഭവത്തിന് യോജിച്ച ഒരു വീടായി എനിക്കത് തോന്നി. അതിന്റെ ഫോട്ടോ അണിയറപ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ടു. സംവിധായകന്‍ ഉടന്‍ എന്നെ വിളിച്ചു, നീ ഇത് ഒരിക്കലും ഒരു മലയാളപടമായി കാണരുതെന്ന് പറഞ്ഞു.

പക്ഷേ ക്യാമറാമാന്‍ എന്നെ വിളിച്ച് കുമ്പളങ്ങിയിലെ ലൊക്കഷനെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. സംവിധായകനെയും അദ്ദേഹം വിളിച്ച് ഈ ലൊക്കേഷന്‍ വിഷ്വലി നന്നായിരിക്കുമെന്ന് പറഞ്ഞു. തുടര്‍ന്ന് രതീഷ് പിന്നീട് എന്നെ വിളിച്ച് രോഷത്തോടെ സംസാരിക്കുകയായിരുന്നു. പിന്നീട് എന്നെ മാറ്റിയതിന് ശേഷം ഈ വീടുതന്നെ ഷൂട്ടിംഗിനായി തെരഞ്ഞടുക്കുകയും ഇത് തന്റെ തിരക്കഥയിലെ വീടുപോലിരിക്കുന്നു എന്ന് സംവിധായകന്‍ അഭിപ്രായപ്പെടുകയും ചെയ്തു. അപ്പോള്‍ ഒരു കലാ സംവിധായകന്‍ എന്ന രീതിയില്‍ താന്‍ അഭിപായപ്പെട്ടത് എന്തായിരുന്നു?”, മനു ചോദിക്കുന്നു.

സിനിമയില്‍ നിന്നും പുറത്താക്കിയ വിവരം അറിയിച്ചത് സിനിമയുടെ സംവിധായകനോ പ്രൊഡക്ഷന്‍ കണ്‍ട്രോളറോ അല്ലെന്നും മറിച്ച് ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനാണെന്നും മനു പറയുന്നു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ കാരണം വ്യക്തമായി പറഞ്ഞിട്ടില്ലെന്നും അവര്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ മാറ്റുന്നു എന്നുമാണ് പറഞ്ഞത്. ചെയതുകൊണ്ടിരുന്ന ജോലിയില്‍ നിന്നും ഒരാള്‍ പകുതിക്ക് വെച്ച് മാറ്റപ്പെടുമ്പോള്‍ പുതിയൊരാള്‍ ആ ജോലി ചെയ്യുന്നതിന് മുന്‍പുണ്ടായിരുന്നയാളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിക്കറ്റ് വാങ്ങേണ്ടത് ആവശ്യമല്ലേയെന്നും മനു ജഗത് ചോദിക്കുന്നു.

സിനിമയില്‍ നിന്ന തന്നെ കാരണമില്ലാതെ പുറത്താക്കിയതിന് പിന്നില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഡിസ്‌കണ്‍ പൊഡുത്താസ് ആണെന്ന് ബലമായ സംശയമുണ്ടെന്നും മനു ജഗത് ആരോപിക്കുന്നു. ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്ക് ഭൂരിഭാഗവും ചെയ്തത് താനായിരുന്നിട്ടും സിനിമ തിയേറ്ററുകളിലെത്തിയപ്പോള്‍ ഒരു താങ്ക്‌സ് കാര്‍ഡില്‍ മാത്രമാണ് മനു ജഗത് എന്ന പേര് കാണിച്ചത്. താന്‍ ചെയ്ത സ്‌കെച്ചുകള്‍ ഉപയോഗിച്ചാണ് സിനിമ അവര്‍ പൂര്‍ത്തിയാക്കിയതും. ആ താങ്ക്‌സ് കാര്‍ഡ് തനിക്കെന്തിനാണെന്നും മനു ചോദിക്കുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ കമ്മാര സംഭവത്തിന്റെ കലാ സംവിധാന മികവിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ ആ ചിത്രത്തില്‍ ഒരു വര്‍ഷത്തിലേറെ സമയം കലാസംവിധാനം നിര്‍വഹിച്ചിരുന്നുവെന്നും പിന്നീട് പുറത്താക്കപ്പെടുകയായിരുന്നുവെന്നും രണ്ടാമത് വന്ന വ്യക്തിയാണ് വിനീഷ് എന്നും വ്യക്തമാക്കുന്നത് ഇനിയൊരാള്‍ക്കും ഇത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാനാണെന്നും മനു ജഗത് പറയുന്നു.

ഇതേക്കുറിച്ച് സംസാരിക്കാന്‍ ആദ്യം ഒരു മീറ്റിംഗ് വച്ചിരുന്നു. അന്ന് ഡിക്‌സണ്‍ പൊഡുത്താസ് എത്തിയില്ല. അന്ന് പ്രൈവറ്റ് ബസ് സമരമായിരുന്നുവെന്നാണ് ഹാജരാകാത്തതിന് കാരണം പറഞ്ഞത്. ഇന്ന് മലയാളത്തില്‍ ഏത് പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് ബസ്സില്‍ സഞ്ചരിക്കുന്നത? സിബി മലയില്‍ സാറും സംവിധായകന്‍ രതീഷ് അമ്പാട്ടും ഉള്‍പ്പെടെയുള്ള പാനലിന് മുമ്പാകെ പിന്നീട് ഒരു മീറ്റിംഗ് വച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ് അന്നും ഹാജരായില്ല. എന്റെ പരാതിപ്രകാരം ടൈറ്റിലില്‍ കലാസംവിധാനത്തിന് എനിക്കും ക്രെഡിറ്റ് കൊടുക്കണമെന്ന് സിബി സാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി.

പക്ഷേ ഇതേ രതീഷ് അമ്പാട്ട് ആ മീറ്റിംഗിന് ശേഷം എന്നോട് മാത്രമായി പറഞ്ഞത് ഇതുവരെ ചെയ്ത വര്‍ക്കൊക്കെ ഗംഭീരമാണെന്നാണ്. നിന്റെ വര്‍ക്കിലൊന്നും എനിക്ക് ഒരു കുഴപ്പവുമില്ലെന്നും. ഗോകുലം പോലുള്ള വലിയൊരു ബാനറും എന്നെ പിന്തുണച്ചു. ഞാന്‍ മനസിലാക്കുന്നത് പുറത്താക്കിയതിന് പിന്നില്‍ സംവിധായകന്റെ താല്‍പര്യമല്ല എന്നാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം എന്ന് മനു പറയുന്നു.

ഫെഫ്ക ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഇതില്‍ കാണിച്ച നിരുത്തരവാദിത്തപരമായ നിലപാടിനേയും മനു വിമര്‍ശിക്കുന്നുണ്ട്. തൊഴിലെടുക്കുന്നവന്റെ തൊഴില്‍ സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ ഉത്തരവാദിത്തം. പ്രാഥമികമായി ഇതാണ് സംഘടയില്‍നിന്ന് ആഗ്രഹിക്കുന്നത്. അവാര്‍ഡിനുവേണ്ടിയല്ല, പലപ്പോഴും കലാസംവിധായകര്‍ അനുഭവിക്കുന്ന ഈ പ്രശ്‌നം ഇനിവരുന്നവര്‍ക്ക് ഉണ്ടാകരുത്. അതാണ് ഇക്കാര്യം ഇപ്പോള്‍ തുറന്നുപറയുന്നത്. മനു കൂട്ടിച്ചേര്‍ത്തു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലും കലാസംവിധായകനായി കഴിവ് തെളിയിച്ച വ്യക്തിയാണ് മനു ജഗത്. ബ്ലെസി സംവിധാനം ചെയ്ത ‘കല്ക്കട്ട ന്യൂസ്’ എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

DONT MISS
Top