ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഗായിക ചിന്മയി ശ്രീപദ

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുന്നയിച്ച് ഗായിക ചിന്മയി ശ്രീപദ ദേശീയ വനിതാ കൗണ്‍സിലിന് പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചിന്മയി അറിയിച്ചത്. തന്റെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടികള്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് ചിന്മയി ദേശീയ വനിതാ കൗണ്‍സിലിന് മുമ്പാകെ പരാതി നല്‍കിയത്.

ദേശീയ കൗണ്‍സില്‍ മുമ്പാകെ ഔദ്യോഗികമായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രശ്‌ന പരിഹാത്തിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി തന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്മയി ട്വിറ്ററിലൂടെ പറഞ്ഞു. നാല് മാസം മുന്‍പാണ് വൈരമുത്തുവിനെതിരെ ചിന്മയി ആരോപണങ്ങളുന്നയിച്ചത്. അന്നുമുതല്‍ തമിഴ് സിനിമാ മേഖല തനിക്ക് വിലക്കേര്‍പ്പെടുത്തിയതായും താന്‍ അനുഭവിക്കുന്ന പ്രയാസം കണ്ട് പ്രതികരിക്കണമെന്നാഗ്രഹിക്കുന്നവര്‍ പോലും ഇപ്പോള്‍ മാറി നില്‍ക്കുകയാണെന്നും ഇനി താനെന്താണ് ചെയ്യേണ്ടതെന്നും ചിന്മയി ചോദിക്കുന്നു.

ചിന്മയിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ട മേനകാ ഗാന്ധി ദേശീയ വനിതാ കമ്മീഷനുമായി കേസ് ലിങ്ക് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെടേണ്ട വിവരങ്ങള്‍ കൂടി പങ്കുവെയ്ക്കണമെന്നും ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തുവന്നത്. മീടു അരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്.

DONT MISS
Top