പിന്നില്‍ മൂന്ന് ക്യാമറകള്‍; കയ്യിലൊതുങ്ങുന്ന വില; ഷവോമിയെ ഒതുക്കാനുറച്ച് സാംസങ്ങ്


ഗുണനിലവാരത്തിനൊപ്പം കുറഞ്ഞ വിലയുംകൂടിയായപ്പോള്‍ ഷവോമിയുടെ ഫോണുകള്‍ ഇന്ത്യ കീഴടക്കി. സാംസങ്ങാകട്ടെ ഹാങ്ങ്‌സങ്ങ് എന്ന പേരും സമ്പാദിച്ച് വിലയ്ക്ക് മുതലാകാത്ത ഫോണും വിറ്റ് വിപണിയില്‍ പിന്നിലേക്ക് പോയി. എന്നാല്‍ ഇപ്പോള്‍ ഈ ചീത്തപ്പേര് തിരുത്തി വിപണിയില്‍ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് സാംസങ്ങ്.

എം10നും എം20നും ശേഷം എം30 വിപണിയില്‍ എത്തിക്കുകയാണ് സാംസങ്ങ്. പിന്നില്‍ മൂന്ന് ക്യാമറയുമായാണ് വരവ്. 5എംപി അള്‍ട്രാവൈഡ് ആംഗിളാണ് പിന്നിലെ ഒരു ക്യാമറ. 5 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സ് ക്യാമറയാണ് മറ്റൊന്ന്. 13 മെഗാപിക്‌സലാണ് പ്രധാന ക്യാമറ. സെല്‍ഫി ക്യാമറയ്ക്ക് 16 മെഗാപിക്‌സല്‍ സെന്‍സറുണ്ട്.

എക്‌സിനോസ് 7904 പ്രൊസസ്സര്‍ എട്ട് കോറുകളുള്ളതാണ്. 6.4 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയില്‍ മഴത്തുള്ളികണക്കെ ഒരു കൊച്ച് നോച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നു. 5000എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തി അത്തരത്തിലുള്ള പരാതിപറച്ചിലുകള്‍ക്കും പരിഹാരം കാണാന്‍ സാംസങ്ങ് മുതിരുന്നു.

എം30 രണ്ട് വേരിയന്റുകളില്‍ പുറത്തുവരും. 4ജിബി റാമും 64 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള ഒന്ന്, 6 ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മറ്റൊന്നും. 14,999 രൂപ, 17,990 രൂപ യഥാക്രമം.

മാര്‍ച്ച് ഏഴുമുതല്‍ സാംസങ്ങിന്റെ വെബ്‌സൈറ്റില്‍നിന്നും ആമസോണില്‍നിന്നും ഫോണ്‍ വാങ്ങാനാകും. ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോയുടെ 198, 299 ഓഫറുകളില്‍ ഇരട്ടി ഡേറ്റ ലഭിക്കും.

DONT MISS
Top