‘പാകിസ്താന്റെ മനുഷ്യത്വവും അന്തസ്സും കാണിക്കാനുള്ള സമയമാണിത്’; കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വൈമാനികനെ എത്രയുംവേഗം മോചിപ്പിക്കണമെന്ന് ഫാത്തിമ ഭൂട്ടോ

പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലററിനെ മോചിപ്പിക്കണമെന്നാണ് താനുള്‍പ്പെടെയുള്ള രാജ്യത്തെ യുവാക്കളുടെ ആഗ്രഹമെന്ന് ഫാത്തിമ ഭൂട്ടോ. ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റിവെയ്ക്കുകയാണ്. ഇനിയും പാകിസ്താന്‍ സൈനികര്‍ മരിക്കുന്നത് കാണാന്‍ ആഗ്രഹമില്ല. ഇന്ത്യന്‍ സൈനികരും മരിക്കരുതെന്നും ഫാത്തിമ ഭൂട്ടോ ആവശ്യപ്പെട്ടു.

പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ എത്രയും പെട്ടന്ന് മോചിപ്പിക്കണം. രാജ്യത്തെ യുവജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. പാക് പൗരന്‍മാരുടെ മനുഷ്യത്വവും അന്തസ്സും കാണിക്കാനാവുന്ന സമയമാണിതെന്നും ഫാത്തിമ ഭൂട്ടോ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. മുന്‍ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളും എഴുത്തുകാരിയുമാണ് ഫാത്തിമ ഭൂട്ടോ. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുത്തിയ ലേഖനത്തിലൂടെയാണ് ഫാത്തിമ ഭൂട്ടോ തന്റെ പ്രതികരണമറിയിച്ചത്.

ഇനിയും സൈനികര്‍ കൊല്ലപ്പെടരുത്. അനാഥരുടെ ഉപഭൂഖണ്ഡമായി ആ പ്രദേശം മാറരുതെന്നും ഫാത്തിമ ഭൂട്ടോ പറഞ്ഞു. നീണ്ട വര്‍ഷങ്ങള്‍ സൈനിക ഭരണത്തിലും എതാധിപത്യ ഭരണത്തിലും കഴിഞ്ഞ രാജ്യമാണ് പാകിസ്താന്‍. തീവ്രവാദ ഭീഷണിയും അസ്ഥിരതയും രാജ്യത്തെ ബാധിച്ചിരുന്നു. അതിനാല്‍ ഇനിയും യുദ്ധവെറി പാകിസ്താന്‍ പൗരന്‍മാര്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ ലേഖനത്തില്‍ പറയുന്നു. മുന്‍ പാക് വനിതാ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ സഹോദര പുത്രി കൂടിയാണ് ഫാത്തിമ.

മിഗ് വിമാനം തകര്‍ന്ന് പാക്കിസ്ഥാന്റെ പിടിയിലായ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. പാക് അധീന കശ്മീരിലാണ് വിമാനം ചെന്നു പതിച്ചത്. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് പൈലറ്റായ അഭിനന്ദ് വര്‍ധന്‍ ജീവനോടെ രക്ഷപ്പെട്ടെങ്കിലും വിമാനം നിലംപതിച്ചത് പാക് അധീന കശ്മീരിലായതിനാല്‍ പാക് സൈനികര്‍ അഭിനന്ദിനെ പിടികൂടി സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.

DONT MISS
Top