യുഎന്‍ രക്ഷാ സമിതിയുടെ നിര്‍ദ്ദേശം പാലിക്കണം; ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് അമേരിക്ക

ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ മേഖലയ്ക്ക് വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഭീകരവാദികള്‍ക്ക് ധനസഹായമുള്‍പ്പെടെ ലഭ്യമാക്കുന്ന നടപടി തടസ്സപ്പെടുത്തണമെന്നും അമേരിക്കയുടെ ആഭ്യന്തര വക്താവ് പാകിസ്താനോട് ആവശ്യപ്പെട്ടു. ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കരുതെന്ന യുഎന്‍ രക്ഷാ സമിതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ക്ക് കവചമൊരുക്കുന്ന നടപടി അവസാനിപ്പിക്കണെമെന്നും അവര്‍ക്ക് സുരക്ഷിത താവളമൊരുക്കരുതെന്ന യുഎന്‍ രക്ഷാ സമിതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടത്.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം പോലെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവൃത്തികള്‍ മേഖലയിലെ സമാധാനം തകര്‍ക്കുന്നുവെന്നും വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അമേരിക്ക പ്രതികരിച്ചു. ഇരു രാജ്യങ്ങളും അതിര്‍ത്തി കടന്നുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സൈനിക നടപടികള്‍ ശക്തമാക്കുന്നത് വഴി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നും സംഘര്‍ഷ സാധ്യതകള്‍ അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്താനും സമാധാനം പുനസ്ഥാപിക്കണമെന്നും അമേരിക്കയുടെ ആബ്യന്തര വക്താവ് ആവശ്യപ്പെട്ടു.

അതേസമയം പാകിസ്താന്റെ കസ്റ്റഡിയിലുള്ള വിംഗ് കമാന്റര്‍ അഭിനന്ദനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടട്ടുണ്ട്. രക്തമൊലിപ്പിച്ചുനില്‍ക്കുന്ന ഇന്ത്യന്‍ സൈനികന്റെ ചിത്രവും വീഡിയോയും പുറത്തുവിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ പാകിസ്താനെ അറിയിച്ചു. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ ഇന്ത്യന്‍ വൈമാനികനായ അഭിനന്ദ് വര്‍ധനോട് കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നു വന്ന പാക് പോര്‍വിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം അതിര്‍ത്തിയില്‍ തകര്‍ന്നു വീണത്. പാക് അധീന കശ്മീരിലാണ് വിമാനം ചെന്നു പതിച്ചത്. തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് പൈലറ്റായ അഭിനന്ദ് വര്‍ധന്‍ ജീവനോടെ രക്ഷപ്പെട്ടെങ്കിലും വിമാനം നിലംപതിച്ചത് പാക് അധീന കശ്മീരിലായതിനാല്‍ പാക് സൈനികര്‍ അഭിനന്ദിനെ പിടികൂടി സുരക്ഷാ ഏജന്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു. പിടികൂടിയ സമയത്ത് ക്രൂരമര്‍ദ്ധനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്നാണ് ജനീവ കണ്‍വന്‍ഷന്‍ പ്രകാരം സൈനികരോട് കാണിക്കേണ്ട മിനിമം മര്യാദ പാകിസ്ഥാന്‍ കാണിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തിയത്.

DONT MISS
Top