അഴിമതി കേസുമായി സഹകരിച്ചില്ല; ശ്രീലങ്കന്‍ മുന്‍ നായകന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷത്തെ വിലക്ക്

ശ്രലങ്കന്‍ മുന്‍ നായകന്‍ സനത്ത് ജയസൂര്യക്ക് രണ്ട് വര്‍ഷത്തെ വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അഴിമതിവിരുദ്ധ വിഭാഗമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് നടത്തിയ അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാണ് വിലക്കെന്ന് ഐസിസി അറിയിച്ചു.

ക്രിക്കറ്റ് പിച്ച് ക്യൂറേറ്റര്‍ ജയാനന്ദ വര്‍ണവീരയ്‌ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യയെയും സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാതെ വന്നപ്പോള്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ജയസൂര്യയില്‍ ചുമത്തുകയായിരുന്നു. ശ്രീലങ്കന്‍ ടീമില്‍ നിന്നും വിരമിച്ച ജയസൂര്യ എംപി, മന്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1989-2011 വരെയുള്ള ഏകദിന ക്രിക്കറ്റിലും 1991-2007 വരെയുള്ള ടെസ്റ്റിലും ജയസൂര്യ സ്വന്തം മേല്‍വിലാസം കുറിച്ചു. ഐപിഎല്ലിലും ടി-20യിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 110 ടെസ്റ്റുകളില്‍നിന്നായി 6973 റണ്‍സും 98 വിക്കറ്റുകളും നേടിയപ്പോള്‍ 445 ഏകദിനങ്ങളില്‍നിന്നായി 13430 റണ്‍സും 323 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 12, 000 റണ്‍സും 300 വിക്കറ്റും നേടിയ ഏക താരമാണു ജയസൂര്യ.

DONT MISS
Top