അവസാന പന്തില്‍ ഓസീസിന് ജയം; പരമ്പരയില്‍ മുന്നില്‍


വിശാഖപട്ടണം: ഇന്ത്യക്കെതിരായ ഒന്നാം ടി-20യില്‍ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ഉമേഷ് യാദവ് റണ്‍ വഴങ്ങുന്നതില്‍ ധാരാളിത്തം കാട്ടിയതോടെ തോറ്റുവെന്നു കരുതിയ മത്സരമാണ് ഓസീസ് തിരിച്ചുപിടിച്ചത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച രാഹുലിന്റെ അര്‍ധ സെഞ്ചുറി പാഴായി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. അവസാന ഓവറില്‍ മൂന്നു പന്തു വീതം നേരിട്ട് ഓരോ ബൗണ്ടറി സഹിതം ഏഴു റണ്‍സ് നേടിയാണ് റിച്ചാര്‍ഡ്‌സന്‍-കമ്മിന്‍സ് സഖ്യം ഓസീസിന് വിജയം സമ്മാനിച്ചത്. ഓസീസ് നിരയില്‍ 43 പന്തില്‍ 56 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് (37), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുതാരങ്ങള്‍.

ഇന്ത്യന്‍ നിരയില്‍ രാഹുലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മഹേന്ദ്രസിംഗ ധോണിയും മാത്രമാണ് രണ്ടക്കം കടന്ന താരങ്ങള്‍. രാഹുല്‍ (50), കോഹ്‌ലി (24), ധോണി (29) എന്നിവര്‍ തിളങ്ങിയപ്പോള്‍ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് (2) എന്നിവര്‍ മോശം പ്രകടനം കാഴ്ച്ചവെച്ചു.

DONT MISS
Top