‘റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണ്’; മഹേഷിന്റെ പ്രതികാരത്തില്‍പ്പോലും ഡ്രാമയുണ്ടെന്ന് സംവിധായകന്‍ ലാല്‍ജോസ്‌

മലയാള സിനിമാരംഗത്തെ പുതിയൊരു വഴിത്തിരിവായാണ് റിയലിസ്റ്റിക് സിനിമകള്‍ അറിയപ്പെടുന്നത്. എന്നാല്‍ ഏവരും പുകഴ്ത്തിപ്പാടുന്ന റിയലിസ്റ്റിക് സിനിമകള്‍ തട്ടിപ്പാണെന്ന് സംവിധായകന്‍ ലാല്‍ജോസ്. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാള സിനിമയില്‍ കാണുന്നതെന്നും ലാല്‍ജോസ് പറഞ്ഞു. സിനിമ റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോവുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

റിയലിസ്റ്റിക്കായി അവതരിപ്പിച്ചതിന്റെ പേരില്‍ ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. നാച്വറല്‍ സിനിമയായി അവതരിപ്പിച്ച മഹേഷിന്റെ പ്രതികാരത്തില്‍പ്പോലും ഭയങ്കര ഡ്രാമയുണ്ടെന്ന് ലാല്‍ജോസ് വ്യക്തമാക്കി.’ ഇന്നത്തെ സിനിമയുടെ സീനുകളിലും ഘടനയിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രങ്ങളെ ഞാന്‍ നേരത്തെ ഡയമണ്ട് നെക്ലേസില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് ഫാസിലിന്റെ നായക കഥാപാത്രംതന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായില്ല’, ലാല്‍ജോസ് പറഞ്ഞു.

പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ്; ഇനി ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും

എന്തെങ്കിലും പുതുമയുള്ള ചിത്രങ്ങളാണ് താനിതുവരെ സംവിധാനം ചെയ്തിട്ടുള്ളതെന്നും താന്‍ സംവിധാനം ചെയ്ത രസികനും രണ്ടാംഭാവവും എല്ലാം കാലത്തിന് മുന്‍പേ സഞ്ചരിച്ച ചിത്രങ്ങളായിരുന്നെന്നും സത്യത്തില്‍ അത് പിറക്കേണ്ടിയിരുന്നത് ഇന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ നെഗറ്റീവ് ഷേഡുകളുണ്ടെങ്കിലും സര്‍വഗുണ സമ്പന്നരായ നായക കഥാപാത്രങ്ങളെയാണ് മലയാള സിനിമ ഇന്നും ആഘോഷിക്കുന്നത്. അതില്‍ നിന്നൊരു മാറ്റം ഉണ്ടായതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

DONT MISS
Top