“അങ്ങനെയെങ്കില്‍ കളിച്ച് തോല്‍പ്പിക്കൂ അല്ലാതെ കളിയില്‍നിന്ന് പിന്മാറരുത്”, പാകിസ്താനുമായുള്ള കളി ഉപേക്ഷിച്ച് രാജ്യസ്‌നേഹം തെളിയിക്കാന്‍ ശ്രമിക്കുന്നവരെ ഗ്യാലറിക്ക് മുകളിലേക്ക് പറത്തി സച്ചിന്‍

പാകിസ്താനുമായി ലോകകപ്പില്‍ നടക്കുന്ന മത്സരം ഉപേക്ഷിച്ച് രാജ്യസ്‌നേഹം തെളിയിക്കാന്‍ തുനിഞ്ഞവര്‍ക്ക് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മറുപടി. പാകിസ്താനുമായി കളിക്കണം എന്നുതന്നെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇന്ത്യ മത്സരത്തില്‍നിന്ന് പിന്മാറിയാല്‍ പാകിസ്താന് രണ്ട് പോയന്റുകള്‍ ലഭിക്കും, അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ലോകകപ്പില്‍ എക്കാലവും പാകിസ്താനെ തോല്‍പ്പിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഒരിക്കല്‍കൂടി അവരെ തോല്‍പ്പിക്കാന്‍ ലഭിച്ച അവസരം നഷ്ടമാക്കരുത്. മത്സരം ഉപേക്ഷിച്ച് അവര്‍ക്ക് രണ്ട് പോയന്റുകള്‍ നല്‍കുന്നതും അങ്ങനെ അവരെ സഹായിക്കുന്നതും വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ല”, സച്ചിന്‍ പറഞ്ഞു.

എന്തുവന്നാലും ഏറ്റവും പ്രധാനമായത് ഇന്ത്യതന്നെ. അതിനാല്‍ ഇന്ത്യയുടെ തീരുമാനം പരമപ്രധാനമാണ്. അതിനെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി താരങ്ങളാണ് പാകിസ്താനുമായുള്ള കളി ഉപേക്ഷിക്കണം എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ കളി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു.

പണ്ടും അഭിപ്രായങ്ങള്‍ മുഖം നോക്കാതെ ധൈര്യപൂര്‍വം പറഞ്ഞ താരമാണ് സച്ചിന്‍. മുംബൈ മഹാരാഷ്ട്രക്കാരുടെയാണെന്ന ശിവസേനയോട് മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന് സച്ചിന്‍ മറുപടി നല്‍കിയത് ഏറെ ശ്രദ്ധേയമായ സംഭവമാണ്.

DONT MISS
Top