‘അഡാറ് ലൗ’ ടീം ക്യാമ്പസിലേക്ക്; സിനിമകളുടെ വ്യാജപതിപ്പ് കാണില്ലെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍

‘ഒരു അഡാറ് ലൗ’ സിനിമാ പ്രവര്‍ത്തകര്‍ പ്രചരണങ്ങളുടെ ഭാഗമായി ക്യാമ്പസുകള്‍ സന്ദര്‍ശിച്ചുതുടങ്ങി. സംവിധായകനും അഭിനേതാക്കളുമുള്‍പ്പെടെയുള്ള സംഘമാണ് ക്യാമ്പസുകള്‍ സന്ദര്‍ശിക്കുന്നതും ചലച്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും.

കോതമംഗലം ഇന്ദിരാഗാന്ധി ദന്തല്‍ കോളെജില്‍ എത്തിയ അഡാറ് ലൗ ടീം സിനിമകളുടെ വ്യാജ പതിപ്പ് കാണരുത് എന്ന ബോധവത്കരണം നടത്തിയത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതേക്കുറിച്ച് അവബോധമുണ്ടാകാന്‍ കാരണമായി. വ്യാജ ചിത്രത്തിന്റെ നിയമ പ്രശ്‌നങ്ങളും വ്യവസായത്തിന് ഉണ്ടാകുന്ന ക്ഷീണത്തേക്കുറിച്ചും അഡാറ് ലൗ ടീം വിശദമാക്കി.

ഇതേത്തുടര്‍ന്ന് വ്യാജ ചിത്രങ്ങള്‍ ഇനി കാണുകയില്ലെന്നും ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. തങ്ങളിലാരും വ്യാജ പതിപ്പ് കാണുന്നവരല്ല എന്ന് വിദ്യാര്‍ത്ഥികള്‍തന്നെ വേദിയിലേക്ക് എത്തി പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.

ക്ലൈമാക്‌സ് മാറ്റിയതോടെ ചിത്രത്തിന്റെ അവസാന ഭാഗം കൂടുതല്‍ ആകര്‍ഷകമായതിന്റെ പശ്ചാത്തലത്തിലാണ് അഡാറ് ലൗ ടീം പ്രചരണം കൊഴുപ്പിക്കുന്നത്. കൂടുതല്‍ ആളുകള്‍ വരും ദിവസങ്ങളില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലൈമാക്‌സ് മാറിയതോടെ ചിത്രത്തിന് ലഭിക്കുന്ന നിരൂപണങ്ങള്‍ കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നു.

DONT MISS
Top