സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി

തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസമായി കാല്‍ ലക്ഷത്തിലധികമായിരുന്നു സ്വര്‍ണവില. ഇന്ന് വിലയില്‍ ഉണ്ടായ നേരിയ മാറ്റം ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാണ്.

ഇന്നലെ ഗ്രാമിന് 3,130 രൂപയും പവന് 25,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്. യുഎസ് ചൈന വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നതും ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് സ്വര്‍ണവില തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതിന് വഴിവെച്ചത്.

അമേരിക്കയിലെ ഭരണ പ്രതിസന്ധിയും വിലവര്‍ദ്ധനവിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ ആശ്രയിച്ചതും വിലവര്‍ദ്ധനവിന് ഇടയാക്കി. വിവാഹസീസണ്‍ ആരംഭിച്ചതും ആഭ്യന്തര വിപണിയില്‍ ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത്യാവശ്യക്കാരല്ലാത്തവര്‍ വിപണിയില്‍ നിന്നും മാറിനില്‍ക്കുന്നത് ചെറുകിട വ്യാപാരികളുടെ കച്ചവടത്തേയും ബാധിക്കുന്നുണ്ട്.

DONT MISS
Top