‘കയ്യോ കാലോ മുറിച്ചിട്ട് തന്നിരുന്നെങ്കിലും ഞാന്‍ നോക്കുമായിരുന്നല്ലോ എന്റെ മോനെ’; പ്രവര്‍ത്തകര്‍ മാത്രം രക്തസാക്ഷികളാകുന്ന രാഷ്ട്രീയ വൈരങ്ങള്‍

ഴിഞ്ഞ ദിവസം ആഘോഷ പൂര്‍വ്വം ഒരു കല്യാണം നടന്നത് കണ്ടിരുന്നോ? പ്രതിപക്ഷ നേതാവിന്റെ ഡോക്ടറായ മകന്റെ അത്യാടംഭര പൂര്‍വ്വമായ വിവാഹം. ആ വിവാഹത്തിന് പങ്കെടുത്തവരെ കണ്ടിരുന്നോ? കണ്ടിട്ടില്ലെങ്കില്‍ യുട്യൂബിലോ മറ്റോ ആ വീഡിയോ ഒന്നുകൂടി കണ്ടുനോക്കണം. പാര്‍ട്ടിഭേദമന്യേ ആശംസകളറിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും മുഴുവന്‍ രാഷ്ട്രീയ നേതാക്കളും കുടുംബസമേതം തന്നെ എത്തിയിരുന്നു. നവദമ്പതികള്‍ക്കൊപ്പം നിറചിരിയോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നില്‍ക്കുന്ന ആ ചിത്രമൊന്നു കാണുക.

ഇനി ഓര്‍മ്മയിലേക്ക് ആ നിലവിളിയൊന്നു കൊണ്ടുവരണം. ‘എന്‍ മകനേ നാന്‍ പെറ്റ മകനേ, എന്ന നെഞ്ചുപൊട്ടിയുള്ള നിലവിളി. ‘ഇങ്ങനെ മരിക്കാനായിരുന്നെങ്കില്‍ എന്റെ പൊന്നുമോനേ നീയെന്തിനാടാ ഇവിടേക്ക് വന്നതെന്ന’ ഒരമ്മയുടെ നിലവിളി. അഭിമന്യുവിന്റെ അമ്മ. പാര്‍ട്ടിയെ സ്‌നേഹിച്ച പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുക്കാന്‍ പോലും തയ്യാറായ ഒടുവില്‍ ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കപ്പെട്ട് പിടയാന്‍ പോലുമാകാതെ കൊല്ലപ്പെട്ട അഭിമന്യു.

അഭിമന്യു മറവിയുടെ ആഴങ്ങളിലേക്ക് വീണു തുടങ്ങിയതിനാലാവാം കൊലപാതക രാഷ്ട്രീയത്തിന്റെ ചോരമണമറിയിക്കാന്‍ വീണ്ടും നിലവിളികള്‍ക്ക് ആരൊക്കെയോ ചേര്‍ന്ന് അരങ്ങൊരുക്കിയത്. ‘കൊന്നുകളഞ്ഞല്ലോ എന്റെ മോനേ, കയ്യും കാലും കൊത്തീട്ടാണെങ്കിലും എനിക്ക് തന്നിരുന്നെങ്കില്‍ ഞാന്‍ നോക്കിക്കോളുമായിരുന്നല്ലോ എന്റെ മോനെ’ എന്ന് നെഞ്ചില്‍ തല്ലിയൊരു അമ്മ കരയുന്നു. കൃപേഷിന്റെ അമ്മ. തലച്ചോറു വരെ പിളര്‍ന്നുപോയൊരു വെട്ടില്‍ ജീവനറ്റ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍. അവന്റെ പേരുവിളിച്ച് ആ ഓലക്കുടില്‍ അച്ഛനുമമ്മയും രണ്ട് സഹോദരിമാരും. താന്‍ സിപിഎം അനുഭാവിയായിരുന്നിട്ടും മകന്‍ കോണ്‍ഗ്രസിനെ അനുഗമിച്ചപ്പോള്‍ മറുത്ത് പറയാതെ അവന്റെ ഇഷ്ടത്തിനു വിട്ട അച്ഛന് ഒടുവില്‍ 19ാം വയസ്സില്‍ അവന്‍ പിടഞ്ഞുതീരുന്നത് കാണേണ്ടി വന്നു.

‘എന്റെ ഏട്ടാ’ എന്നുവിളിച്ച് അലമുറയിടുന്ന ഒരു പെണ്‍കുട്ടിയെയും കണ്ടുകാണും. നിലത്ത് വീണുരണ്ടു കരയുന്ന അവളെ പൊട്ടിക്കരഞ്ഞുകൊണ്ട് ചേര്‍ത്തുപിടിക്കുകയും ആശ്വസിപ്പിക്കാന്‍ കഴിയാതെ നിസ്സഹായനാകുകയും ചെയ്യുന്ന ഒരച്ഛനെയും. കൊല്ലപ്പെട്ട ശരതിന്റെ അനുജത്തിയാണ്. രാഷ്ട്രീയ വൈരത്തില്‍ തീര്‍ന്നുപോയവന്‍. കൊത്തിനുറുക്കപ്പെട്ട അവന്റെ ജീവനില്ലാത്ത ശരീരം കണ്ടതിന്റെ ആഘാതത്തിലാണ് ആ പെണ്‍കുട്ടി. ഇനി ഏട്ടനില്ല.

ഇനിയോ? ഇനിയെന്താണ്? പേടിച്ചും നിലവിളിച്ചും കാലുപിടിച്ചും മരണത്തിന്റെ വാള്‍ത്തലപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി പിന്നെ രക്തസാക്ഷിയാകുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. അക്കൂട്ടത്തിലേക്ക് രണ്ട് പേരുകള്‍ കൂടിയായി. അത്രമാത്രം. ജീവന്‍ നഷ്ടപ്പെടുമെന്നുറപ്പായ അവസാന നിമിഷത്തില്‍ അവരനുഭവിച്ച പിടച്ചിലും ഭയവും അറിയാത്തവരാണ് അവരെ രക്തസാക്ഷിയാക്കാന്‍ ആവേശം കാണിക്കുന്നത്. ഇനി ഇരു കുടുംബത്തിനും പാര്‍ട്ടി നിശ്ചിത തുക നല്‍കുമായിരിക്കും. കൃപേഷിന് വീടും ലഭിക്കും. പക്ഷേ കൃപേഷും ശരതുമോ? അവരിങ്ങനെ പാതിവഴിയില്‍ തീര്‍ന്നുപോകാനുള്ളവരായിരുന്നോ?

ഇതൊന്നിന്റെയും അവസാനമല്ല, അറിയാം. ഇതിനു പകരമെന്നും പിന്നെ പകരത്തിനു പകരമെന്നുമൊക്കെയുള്ള പേരില്‍ ഇനിയും യുവാക്കള്‍ പിടഞ്ഞുവീഴും. അവരുടെ ഉറ്റവര്‍ ഹൃദയംപൊട്ടിക്കരയും. രാഷ്ട്രീയ നേതാക്കള്‍ ആ വീടുകളും സന്ദര്‍ശിക്കും. സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകനെങ്കില്‍ കണ്ണുനീര്‍ പൊഴിക്കാനും എതിര്‍പാര്‍ട്ടിക്കാരനെങ്കില്‍ നിര്‍വികാരരായിരിക്കാനും കഴിയുന്ന മനുഷ്യരാണ് ഇവിടെയുള്ളത്. കൊലപാതകം എന്ന വാക്ക് പോലും എന്തൊരു ഞെട്ടലാണുണ്ടാക്കുന്നത്. അപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്ന പച്ചമനുഷ്യനെ വെട്ടിവീഴ്ത്തുന്ന, കൊലപ്പെടുത്തുന്ന മനുഷ്യനെ എന്ത് പേരിലാണ് വിളിക്കേണ്ടത്?. ദൈവത്തിന്റെ ഈ നാട്ടില്‍ ഇതെങ്ങനെയാണ് ചെകുത്താന്മാര്‍ ജന്മമെടുക്കുന്നത്.

എന്തിനു വേണ്ടിയാണ്? ആര്‍ക്കുവേണ്ടിയാണ്? കൊല്ലപ്പെട്ടവരെയോര്‍ത്ത് വേദിക്കുകയല്ലാതെ ഇനിയൊന്നും ബാക്കിയില്ല. ഇനിയും കൊല്ലപ്പെടാനിരിക്കുന്നവരോടാണ് പറയാനുള്ളത്. ഉത്തരമില്ലാത്ത എത്ര ചേദ്യങ്ങളാണ്. ജീവിത സാഹചര്യങ്ങള്‍ അത്രമേല്‍ പരിതാപകരമായിരിക്കുമ്പോഴും കൊല്ലാനും കൊല്ലപ്പെടാനുമായി ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുന്നതിന് മുന്‍പ് ഒരുനിമിഷമൊന്ന് ചിന്തിച്ചിരുന്നെങ്കില്‍. നഷ്ടപ്പെടുന്നത് നമ്മുടെ യുവാക്കളാണ്. യുവത്വത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവുമായി പ്രസരിപ്പോടെയിരിക്കുന്നവരൊക്കെ പിന്നെ ആദരാഞ്ജലികള്‍ എന്ന വാക്കിനു താഴെ ചിരിക്കുന്ന ചിത്രമാകുകയാണ്.

പകമൂത്ത് വൈരവുമായി ഇറങ്ങിപ്പുറപ്പെടുന്നവരൊന്നു ചിന്തിച്ച് നോക്കൂ നിങ്ങളുടെ ബഹുമാന്യരായ ഏത് നേതാക്കന്മാരുടെ മക്കളാണ് അരയും തലയും മുറുക്കി ഇങ്ങനെ മരണത്തിലേക്ക്, വടിവാളിനു മുന്‍പിലേക്ക് വന്ന് തലനീട്ടുന്നതെന്ന്. ഇത്രയേറെ ബുദ്ധിയും കഴിവുമൊക്കെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണിവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തത്, ഒരു വോട്ടിനപ്പുറം അണികള്‍ക്ക് പിന്നെയൊരിടമില്ലെന്ന്.

DONT MISS
Top