“ഭീകര പ്രവര്‍ത്തനത്തേയും കലാപ്രവര്‍ത്തനത്തേയും കൂട്ടിക്കുഴയ്ക്കരുത്”, നിലപാട് ഉറക്കെപ്പറഞ്ഞ് സല്‍മാന്‍ഖാന്‍

സല്‍മാന്‍ ഖാന്‍

പാകിസ്താനില്‍നിന്നുള്ള കലാകാരന്മാരോട് ഭീകരരോട് എന്നതുപോലെ പെരുമാറരുത് എന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. കലയും ഭീകര പ്രവര്‍ത്തനവും രണ്ടും രണ്ടാണ്. ഇന്ത്യ നടത്തുന്ന പോരാട്ടത്തെ താന്‍ അനുകൂലിക്കുന്നു. അത് ഭീകരതയ്‌ക്കെതിരായ പോരാട്ടമാണ്. ശാന്തിയും സമാധാനവും ആവശ്യമാണെങ്കിലും ചില അടികള്‍ക്ക് തിരിച്ചടി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ‘ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍’ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് വിലക്കിനെക്കുറിച്ച് പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണം: പാക് സിനിമ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്‌

ജമ്മുകാശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. വീരമൃത്യു വരിച്ച എല്ലാ ജവാന്മാര്‍ക്കും അനുശോചനം നേരുന്നു. രാജ്യത്തിനെതിരെ നടത്തുന്ന ഭീകരാക്രമണത്തിനും മനുഷ്യത്തമില്ലാതായ്മയ്ക്കുമെതിരെ ‘ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍’ രാജ്യത്തോടൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഭീകരാക്രമണത്തിന്റെ ഉറവിടം പാകിസ്ഥാനാണ്. അതിനാല്‍ പാക് സിനിമ പ്രവര്‍കര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമ പ്രവര്‍ത്തകരിലാരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ അറിയിച്ചു.

വിലക്ക് പാക് താരങ്ങളെ വെച്ച് ചിത്രീകരിക്കുന്ന ചിത്രങ്ങളെ പ്രതിസന്ധയിലാക്കാന്‍ സാധ്യതയുണ്ട്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇതിന് മുന്‍പ് പാക് താരങ്ങള്‍ വിലക്ക് നേരിട്ടിട്ടുണ്ട്.

നേരത്തെ പാക് ക്രിക്കറ്റ് ലീഗ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയും സമ്മിശ്ര അഭിപ്രായമാണുയര്‍ന്നത്. ഭീകരത്‌ക്കെതിരായുള്ള നിലപാടുകള്‍ കുറച്ചുകൂടി കര്‍ക്കശവും കാര്യക്ഷമവും ആകണമെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.

DONT MISS
Top