‘ആരെയെങ്കിലും തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി കുറ്റം ഏറ്റെടുക്കേണ്ട കാര്യമില്ല, മാപ്പ് പറയില്ല’; താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ തെളിയിക്കട്ടെയെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍


തിരുവനന്തപുരം: താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്
സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് കത്തോലിക്ക സഭ നല്‍കിയ മൂന്നാമത്തെ നോട്ടീസിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.

ആദ്യം നല്‍കിയ വിശദീകരണം തൃപ്തിയല്ലെന്ന് കാണിച്ചാണ് വീണ്ടും മദര്‍ സുപ്പീരിയര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ താന്‍ നേരത്തെ നല്‍കിയ മറുപടി തന്നെയാണ് ഇപ്പോള്‍ പറയാനുള്ളതെന്നും, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍, ചെയ്യാത്ത കുറ്റം ഏറ്റെടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ വീണ്ടും സഭയുടെ പ്രതികാര നടപടി; മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ഞാന്‍ ചെയ്തതില്‍ ശരി ഉണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അതിനപ്പുറം ഒരു വിശദീകരണം നല്‍കാനും കഴിയില്ല. ആദ്യം പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ ഉന്നയിച്ച് വിശദീകരണം ആവശ്യപ്പെട്ടാല്‍ അതേ മറുപടി തന്നെ വീണ്ടും നല്‍കുക എന്നല്ലാതെ മറ്റൊന്നില്ലെന്നും അവര്‍ പറഞ്ഞു. സിസ്റ്റര്‍മാര്‍ക്ക് നല്‍കിയ പിന്തുണയില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ അറിയിച്ചു. അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണം. കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിയ്ക്കു നോട്ടീസ് ലഭിച്ചിരുന്നു.

ഫ്രാങ്കോക്കെതിരായി സമരം ചെയ്തതില്‍ തെല്ലും ഖേദമില്ല; സഭയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഇതിനു മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായെന്ന് തോന്നുന്നില്ലെന്നിയിരുന്നു നോട്ടീസിന് നല്‍കിയ മറുപടിയില്‍ സിസ്റ്റര്‍ പറഞ്ഞത്. ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top