‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപണം; അനുപം ഖേറിനെതിരെയും അക്ഷയ് ഖന്നയ്‌ക്കെതിരെയും എഫ്‌ഐആര്‍


പാട്‌ന: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുപം ഖേര്‍, അക്ഷയ് ഖന്ന തുടങ്ങി പന്ത്രണ്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് സാധ്യത ഒരുക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കോടതിയുടെ ഉത്തരവില്‍ മുസാഫിര്‍ പൊലീസാണ് കേസ് എടുത്തത്.

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുക, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാണിച്ചാണ് ഓജ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംവിധാകനും നിര്‍മാതാവിനുമെതിരെയും ഓജ പരാതി നല്‍കിയിരുന്നു.

ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലെ തിയറ്റര്‍ അക്രമിച്ചു

ചിത്രത്തില്‍ പ്രമുഖരായ വ്യക്തികളുടെ ഇമേജിന് കോട്ടം തട്ടുന്നതായി ആരോപിച്ച് അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുപം ഖേര്‍, സംവിധായകന്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ ബീഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. അനുപം ഖേറിനും മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്ഷയ് ഖന്നയ്ക്കും സോണിയ ഗാന്ധിയായി അഭിനയിക്കുന്ന ജര്‍മ്മനി സൂസന്‍ ബെര്‍നെര്‍ടിനും മറ്റ് പന്ത്രണ്ട് പേര്‍ക്കെതിരെയുമാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആണ് ‘ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാദങ്ങളും വിമര്‍ശനങ്ങളും ഇതിനു മുന്‍പും ഉയര്‍ന്നിട്ടുണ്ട്. സിനിമയില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചെന്നാക്ഷേപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

DONT MISS
Top