പക്ഷി കുടുംബത്തിലെ ‘അര്‍ദ്ധനാരീശ്വരനെ’ കണ്ടെത്തി ശാസ്ത്രലോകം


‘അര്‍ദ്ധനാരീശ്വര’ ശാരീരിക അവസ്ഥകളുള്ള പക്ഷിയെകണ്ടെത്തി ശാസ്ത്രലോകം. നോര്‍തേണ്‍ കാര്‍ഡിനല്‍ വിഭാഗത്തില്‍ പെട്ട പക്ഷിയിലാണ് ഈ ശ്രദ്ധേയമായ ശാരീരിക അവസ്ഥ ഇവര്‍ കണ്ടെത്തിയത്.സാധാരണ ഈ പക്ഷികളില്‍ ആണ്‍പക്ഷികളുടെ നിറം കടും ചുവപ്പും പെണ്‍പക്ഷികളുടേത് ഇളം മഞ്ഞയും ആയിരിക്കും.

എന്നാല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ദമ്പതികള്‍ കണ്ടെത്തിയിരിക്കുന്നത് ഈ രണ്ട് നിറങ്ങളും ചേര്‍ന്നുള്ള ഇനത്തെയാണ്. തല മുതല്‍ വാലിന്റെ തുടക്കത്തില്‍ വരെ പകുതി ചുവപ്പും പകുതി മഞ്ഞയും നിറങ്ങളാണ് ഈ പക്ഷിക്കുള്ളത്. ഈ നിറം മാറ്റമാണ് പക്ഷിയെ വേഗത്തില്‍ ശ്രദ്ധിക്കാന്‍ കാരണമായതും. എന്നാല്‍ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ നിറത്തില്‍ മാത്രമല്ല ശാരീരികമായും ആണിന്റെയും പെണ്ണിന്റെയും ഘടനകള്‍ ഈ പക്ഷിക്കുണ്ടെന്ന് ഇവര്‍ക്കു ബോദ്ധ്യപ്പെടുകയായിരുന്നു.

ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നാണ് ഈ അവസ്ഥയെ വിളിക്കപ്പെടുന്നത്. സാധാരണ പ്രാണികളിലും പുഴുക്കളിലുമാണ് ഇവ സംഭവിക്കാറുള്ളത്. എന്നാല്‍ അപൂര്‍വമായി പക്ഷികളിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്. മനുഷ്യരില്‍ കണ്ടുവരുന്ന ഹോര്‍മോണ്‍ മൂലമുള്ള മാറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി പക്ഷികളിലും പ്രാണികളിലും ഈ അവസ്ഥയ്ക്ക് കാരണം ഡിഎന്‍എയിലെ മാറ്റങ്ങളാണ്.

ഡിഎന്‍എ മൂലമുള്ള ആണ്‍പെണ്‍ ശരീരത്തിന്റെ രൂപപ്പെടല്‍ പലപ്പോഴും കണ്ടു വരാറുണ്ടെങ്കിലും പക്ഷികളില്‍ ഇവ പത്തു ലക്ഷത്തില്‍ ഒന്നില്‍ മാത്രമാണ് കണ്ടുവരുന്നത്. ഇവ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ നോര്‍ത്തേണ്‍ കാര്‍ഡിനല്‍ പോലുള്ള ജീവികളില്‍ ഈ ശാരീരിക മാറ്റം വേഗം തിരിച്ചറിയും. ആണ്‍-പെണ്‍ പക്ഷികളുടെ നിറവ്യത്യാസമാണ് ഇതിന് കാരണം. നേരത്തെ 2008 ലും സമാനമായി ഡിഎന്‍എ പ്രത്യകതയുള്ള ഒരു നോര്‍ത്തേണ്‍ കാര്‍ഡിനലിനെ ഇല്ലിനോസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. സാധാരണ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇത്തരം പക്ഷികള്‍ നയിക്കുന്നത്.

DONT MISS
Top